സ്ഥാനാര്‍ഥി നിര്‍ണയം: പൊന്നാനിയില്‍ കുഴങ്ങി സി.പി.എം
കോഴിക്കോട്: സി.പി.എം മത്സരിക്കുന്ന 16 ലോക്സഭാ സീറ്റുകളില്‍ 15 എണ്ണത്തിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിക്ക് കീറാമുട്ടിയാകുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതെ പൊതുസ്വതന്ത്രനെ രംഗത്തിറക്കാന്‍ സി.പി.എം. നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആരെ നിര്‍ത്തുമെന്ന് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍, താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്, സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത്, വ്യവസായപ്രമുഖന് ഗഫൂര്‍ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തില്‍ സജീവമായിട്ടുള്ളത്. എന്നാല്‍ അവസാനനിമിഷം പി.വി. അന്‍വറിന്റെ പേര് പാര്‍ട്ടി സംസ്ഥാന സമിതി തള്ളിയെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം. പ്രാദേശിക കമ്മിറ്റികള്‍ക്കും അന്‍വറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് യോജിപ്പില്ല.
2014-ല്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച വി. അബ്ദുറഹിമാനാണ് പരിഗണനയിലുള്ള മറ്റൊരാള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് കോട്ടയായിരുന്ന താനൂരില്‍ ഇടതുസ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അബ്ദുറഹിമാന് മണ്ഡലത്തിലുള്ള സ്വീകാര്യതയും വ്യക്തിപരിചയും മുന്‍തൂക്കം നല്കുന്നു. സി.പി.എം. പ്രാദേശികഘടകങ്ങളുടെ പൂര്‍ണപിന്തുണയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ താനൂര്‍ എം.എല്‍.എയായതിനാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകേണ്ടതില്ലെന്നാണ് വി.അബ്ദുറഹിമാന്റെ തീരുമാനമെന്നും സൂചനയുണ്ട്. അതേസമയം, സ്ഥാനാര്‍ഥിയാകാന്‍ സി.പി.എമ്മും ഇടതുമുന്നണിയും ഒരുപോലെ ആവശ്യപ്പെട്ടാല്‍ വി. അബ്ദുറഹിമാന് തന്നെ വീണ്ടും കളത്തിലിറങ്ങിയേക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തില്‍ പി.കെ. അബ്ദുറബ്ബിനെതിരെ മത്സരിച്ച സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത്, തിരൂരില്‍ മത്സരിച്ച ഗഫൂര്‍ പി. ലില്ലീസ് തുടങ്ങിയവരാണ് സി.പി.എം. പരിഗണിക്കുന്ന മറ്റു സ്വതന്ത്രര്‍. വ്യവസായപ്രമുഖരായ ഇരുവര്‍ക്കും മണ്ഡലത്തിലുള്ള പരിചയങ്ങളും വ്യക്തിബന്ധങ്ങളും വോട്ടാക്കി മാറ്റാമെന്ന് സി.പി.എമ്മും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട് തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ ഭൂരിപക്ഷം കുത്തനെ കുറയുന്നതും താനൂര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞതുമാണ് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്നത്. 2014-ന് സമാനമായ പോരാട്ടം കാഴ്ചവെച്ചാല്‍ ഇത്തവണ പൊന്നാനിയില്‍ അട്ടിമറി വിജയം നേടാമെന്ന് തന്നെയാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here