പോലീസ് കസ്റ്റഡിയിലെടുത്തയാളെ കോണ്‍ഗ്രസ്സുകാര്‍ മോചിപ്പിച്ചു; സ്റ്റേഷന്‍ ഉപരോധിച്ച സി.പി.എമ്മുകാര്‍ക്ക് ലാത്തിച്ചാര്‍ജ്
സ്വര്‍ണച്ചെയിന്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെന്നാരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുവന്നയാളെ യുവ കോണ്‍ഗ്രസ് നേതാവ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.എം വളാഞ്ചേരി ഏരിയാ കമ്മിറ്റിയംഗം കെ.പി.എ. സത്താര്‍ (58), കെ.ടി. ശാരദ (62) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരി നടക്കാവില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
2013 സപ്തംബര്‍ 11ന് നടക്കാവില്‍ ആസ്പത്രിയില്‍നിന്ന് കുട്ടിയുടെ കഴുത്തിലെ സ്വര്‍ണച്ചെയിന്‍ മോഷ്ടിച്ചതായി സംശയിക്കുന്ന യുവാവിനെ ശനിയാഴ്ച വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഇയാളെയും കൂട്ടി സ്ഥലംവിട്ടു. ഇതറിഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് രണ്ടരയോടെ സ്റ്റേഷനിലെത്തി ഉപരോധസമരം തുടങ്ങി. തുടര്‍ന്നായിരുന്നു ലാത്തിച്ചാര്‍ജ്. പൊന്നാനി സി.ഐ. മുനീറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സമരക്കാരെ വിരട്ടിയോടിക്കുകയും ലാത്തി വീശുകയുമായിരുന്നു. ഇതിനിടെ പോലീസ് ജീപ്പിന്റെ ഗ്ലാസും എറിഞ്ഞുടച്ചു.
മലപ്പുറത്തുനിന്നെത്തിയ മൂന്ന് എം.എസ്.പി ബറ്റാലിയന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ആരോപണവിധേയനായ യുവാവ് വളാഞ്ചേരി സി.ഐ ഓഫീസില്‍ ഹാജരായതായും സൂചനയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസ് ജീപ്പ് തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി. സ്വകാര്യ ചാനല്‍ ലേഖകന്‍ മെഹബൂബ് തോട്ടത്തിലിന്റെ കാമറയും തകര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു ജില്ലാ സെക്രട്ടേറിയറ്റംഗം രാമദാസ്, ടി.വി. രഘുനാഥ്, ഫിറോസ്ബാബു, വി.കെ. രാജീവ്, യാസര്‍ അറാഫത്ത് എന്നിവരുള്‍പ്പെടെ 49 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here