ടിക്കറ്റ് എടുക്കാത്തതിനാൽ ഇറക്കിവിട്ട ദേഷ്യത്തിൽ ബസിന് നേരെ കല്ലെറിഞ്ഞു; പുത്തനത്താണിയിൽ മദ്യപാനിയുടെ അക്രമണത്തിൽ കണ്ടക്ടർക്ക് പരിക്ക്
ആതവനാട്:ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് മദ്യപാനിയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരന് പരിക്ക്. പാലാ ഡിപ്പോയിലെ കണ്ടക്ടറായ സന്തോഷിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ പുത്തനത്താണി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവം. പുത്തനത്താണിയിൽ നിന്ന് മദ്യപിച്ചു കയറിയ യാത്രക്കാരനോട് ബസ്ചാർജ് ചോദിച്ചപ്പോൾ ടിക്കറ്റ് എടുക്കുന്നില്ല എന്നും മദ്യപാനം ചോദ്യം ചെയ്തപ്പോൾ ടാക്സ് കൊടുത്താണ് മദ്യപിക്കുന്നത് എന്നും പറഞ്ഞ് ജീവനക്കാർക്കും യാത്രക്കാർക്കും നേരെ അസഭ്യവർഷവും നടത്തി.
തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ ബസ്സിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കല്ലെടുത്ത് ബസ്സിനുനേരെ എറിയുകയായിരുന്നു. ബസ്സിന്റെ പിറകുവശത്തെ ഗ്ലാസ് തകർത്ത കല്ല് തൊട്ടടുത്തിരുന്ന കണ്ടക്ടർ സന്തോഷിൻ്റെ മുഖത്ത് പതിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് മുഖത്ത് 23 തുന്നലിടേണ്ടി വന്നു. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തിരിച്ചറിയുമെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടറുടെ പരാതിയും യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here