കേരള പൊലീസിന്റെ ആദ്യ ചീഫ് ടെക്നോളജി ഉപദേഷ്ടാവായി പ്രമുഖ സൈബർ ഫൊറൻസിക്ക് വിദഗ്ദ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാടിനെ നിയമിച്ചു
തിരുവനന്തപുരം : കേരള പൊലീസിന്റെ ആദ്യ ചീഫ് ടെക്നോളജി ഉപദേഷ്ടാവായി പ്രമുഖ സൈബർ ഫൊറൻസിക്ക് വിദഗ്ദ്ധനും വളപുരം സ്വദേശിയുമായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാടിനെ നിയമിച്ചു.പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശാസ്ത്രീയവത്ക്കരിയ്ക്കുന്ന വേളയിൽ എസ് പി തൊട്ട് മുകളിലുള്ളവർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിയ്ക്കുക എന്നതാണ് ഈ നിയമനം കൊണ്ട് പോലീസ് സേന ലക്ഷ്യമിടുന്നത് . പൊലീസിനു പുറത്തു നിന്നുള്ള ഒരു വിദഗ്ധനെ സൈബർ വിദഗ്ധനായി നിയമിയ്ക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാന പൊലീസ് സേനയായി മാറുകയാണ് കേരള പൊലീസ്. മഹാരാഷ്ട്ര പൊലീസാണ് ഇത്തരമൊരു സാങ്കേതിക വിദഗ്ധനെ രാജ്യത്ത് ആദ്യമായി നിയമിച്ചത്.
സോഫ്റ്റ്‌വെയർ ഫൊറൻസിക്സിൽ ഡോക്റ്ററേറ്റുള്ള അദ്ദേഹം ഈ വിഷയത്തിൽ ലോകത്തെ പ്രമുഖ വിദഗ്ധരിലൊരാളാണ്. ഈ വിഷയത്തിൽ ഡോ. വിനോദ് എഴുതിയ പുസ്തകം അമേരിയ്ക്കയിലെ കോടതികൾ ഒരു റഫറൻസ് ഗ്രന്ഥമായി ഉപയോഗിയ്ക്കുന്നു. നിരവധി ഗവേഷണ പ്രബന്ധങ്ങൾ പാശ്ചാത്യ ജേർണ്ണലുകളിൽ പ്രസിധീകരിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും കേരള പൊലീസിലെ ഒരുദ്യോഗസ്ഥൻ രൂപപ്പെടുത്തിയെടുത്ത ടെലിഫോൺ ട്രേയ്സിംഗ് ടെക്നോളജിയുടെ ആധികാരികതയെക്കുറിച്ച് അമേരിയ്ക്കയിലെ “ജേർണ്ണൽ ഫോർ ഡിജിറ്റൽ ഫൊറൻസിക്സ്, സെക്യൂരിറ്റി അന്റ് ലോ”-യിൽ പ്രബന്ധം പ്രസിധീകരിയ്ക്കുകയും ടെക്സാസ് യൂണിവേഴ്സിറ്റിയിൽ അവതരിപ്പിയ്ക്കുകയും ചെയ്ത് കേരള പൊലീസിന് അഭിമാനകരമായ നേട്ടമുണ്ടാക്കി കൊടുത്തത് ഡോ. വിനോദ് ആണ്.
നിരവധി ക്രിമിനൽ കേസുകളിലെ സൈബർ തെളിവുകൾ പുറത്തെടുക്കുവാൻ പൊലീസും കേന്ദ്ര ഇന്റലിജൻസും അടക്കമുള്ള അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ സർകാരിന്റെ കാലത്തെ സോളാര്‍ കേസിലടക്കം ഇദ്ദേഹത്തിൻറെ ഉപദേശം പോലീസ് തേടിയിരുന്നു. തന്റെ സൗജന്യ സേവനമാണ് ഡോ. വിനോദ് ഭട്ടതിരിപ്പാട് കേരള പൊലീസിന് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.വളപുരം പൊല്‍പായ മനക്കല്‍, പരേതനായ പി.എം.ബി ഭട്ടതിരിപ്പാടിന്‍റെ അനുജന്‍ കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്‍റെ മകനാണ് ശ്രീ വിനോദ് ഭട്ടതിരിപ്പാട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here