പുറത്തുകയറി പോസ്റ്റർ ഒട്ടിച്ച കുട്ടികൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം
മലപ്പുറം: പ്രിയനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കുമ്പോൾ ഈ കുട്ടികളറിഞ്ഞിരുന്നില്ല തങ്ങൾ സാമൂഹികമാധ്യമങ്ങളിൽ താരങ്ങളാകുമെന്ന്. കുഞ്ഞാലിക്കുട്ടിതന്നെ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മാനങ്ങൾകൂടി കൊടുത്തതോടെ കുട്ടികൾ ആവേശത്തിലായി.
മഞ്ചേരി മേലാക്കം സ്വദേശികളായ മുഹമ്മദ് മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ, മുനവ്വിർ എന്നിവരാണ് അപ്രതീക്ഷിതമായി താരങ്ങളായത്. കഴിഞ്ഞദിവസമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്ന ഇവരുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ തരംഗമായത്. ഉയരമുള്ള മതിലിനുതാഴെ ഒരുകുട്ടി കുനിഞ്ഞിരുന്നുകൊടുക്കുകയും മറ്റേയാൾ പുറത്തുകയറി പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്നതാണ് ഫോട്ടോ. കൂടെ മറ്റുരണ്ട് കുട്ടികളുമുണ്ട്. മഞ്ചേരി മേലാക്കം ഈസ്റ്റ് കോഴിക്കാട്ടുകുന്ന് ബൂത്തിന് സമീപത്തായിരുന്നു സംഭവം. മിൻഹാജിന്റെ പുറത്തുകയറി ഫാദിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. നിമിഷനേരംകൊണ്ടുതന്നെ ഫോട്ടോ വൈറലായതോടെ കുട്ടികളെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച മഞ്ചേരി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എ.പി. ഇസ്‌മായിൽ തന്നെ കുട്ടികളുടെ വിവരം പുറത്തുവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ രക്ഷിതാക്കളോടൊപ്പം കുട്ടികൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വസതിയിലെത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണനും കൂടെയുണ്ടായിരുന്നു. കുട്ടികൾക്കുള്ള മക്ക കെ.എം.സി.സിയുടെ സ്നേഹോപഹാരമായ സൈക്കിളുകൾ പി.കെ. കുഞ്ഞാലിക്കുട്ടി കൈമാറി. കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി, സുലൈമാൻ മാളിയേക്കൽ, മൊയ്തീൻകുട്ടി താണിക്കൽ, പാലോളി സൈനുദ്ദീൻ, കുഞ്ഞാപ്പ പൂക്കോട്ടൂർ, നാസർ ദീക്ക്, ഹംസ മണ്ണാർമല തുടങ്ങിയവർ പങ്കെടുത്തു. കുറ്റിപ്പാല ടൗൺ കെ.എം.സി.സി, പൊന്നാനി മണ്ഡലം റിയാദ് കെ.എം.സി.സി, ജി.സി.സി. കെ.എം.സി.സി. പട്ടർകടവ് എന്നിവരുടെ കാഷ് അവാർഡുകളും റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരവും കുട്ടികൾക്ക് കൈമാറി. ഫോട്ടോയിൽ ഇല്ലാത്ത മറ്റ് ഏഴ് കുട്ടികൾക്കുകൂടി മലപ്പുറം മണ്ഡലം റിയാദ് കെ.എം.സി.സി. ഉപഹാരം നൽകുന്നുണ്ട്.
മേലാക്കം ഈസ്റ്റ് കോഴിക്കാട്ടുകുന്ന് സൈതലവി മുസ്‌ലിയാരുടെ മക്കളാണ് മിൻഹാജും മുനവ്വിറും. റാഫി ഇളമ്പിലാശ്ശേരിയുടെ മകനാണ് ഫാദിൽ. മഞ്ചപുള്ളി സുലൈമാന്റെ മകളാണ് ഫാത്തിമ നിദ. നാലുപേരും മേലാക്കം ജി.എം.യു.പി.സ്‌കൂൾ വിദ്യാർഥികളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here