കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു
കുറ്റിപ്പുറം : ഭൂവിസ്‌തൃതിയും ജനസംഖ്യയും പരിഗണിച്ച് കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പഞ്ചായത്തിൽ നിലവിൽ കുറ്റിപ്പുറം, നടുവട്ടം എന്നിങ്ങനെ രണ്ട് വില്ലേജുകളാണുള്ളത്. ഇതിൽ നടുവട്ടം വില്ലേജ് കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാണ് ആവശ്യം. നിലവിൽ 23 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. മിക്ക വാർഡുകളിലും വോട്ടർമാർ 1800-ന് മുകളിലാണ്. കുറ്റിപ്പുറം പാലം മുതൽ പേരശ്ശന്നൂർ, മുക്കിലപ്പീടിക, രാങ്ങാട്ടൂർ വരെ പരന്നുകിടക്കുകയാണ് പഞ്ചായത്ത്.
പഞ്ചായത്തോഫീസ് സ്ഥിതിചെയ്യുന്നത് കുറ്റിപ്പുറം മേലേ അങ്ങാടിയിലെ സിവിൽസ്റ്റേഷനിലാണ്. രാങ്ങാട്ടൂർ, നടുവട്ടം, ഊരോത്ത്, പള്ളിയാലിൽ, മൂടാൽ, മുക്കിലപ്പീടിക എന്നിവിടങ്ങളിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തോഫീസിൽ എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. വാർഡുകളുടെ എണ്ണം കൂടുതലായതിനാൽ വാർഡുകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് വീതംവെക്കുമ്പോൾ ഓരോ വാർഡിനും ലഭിക്കുന്ന ഫണ്ടിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇത് വികസനപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഓഫീസിലെ അമിത ജോലിഭാരം ജീവനക്കാരുടെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുമുണ്ട്.
ഇത്തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ് പഞ്ചായത്ത് വിഭജിക്കാൻ വകുപ്പുതലത്തിൽ നടപടികൾ ആരംഭിച്ചിരുന്നു. തിരുനാവായ പഞ്ചായത്തിലെ അനന്താവൂർ പ്രദേശത്തെ കൂട്ടിച്ചേർത്ത് നടുവട്ടം വില്ലേജിനെ പുതിയ പഞ്ചായത്താക്കി മാറ്റാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ഇടതുസർക്കാർ പുതിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപവത്കരിക്കേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചതിന്റെയും ജനസംഖ്യാനുപാതികമായി വാർഡുകളുടെ എണ്ണം വർധിപ്പിച്ചാൽ മതിയെന്നു തീരുമാനിച്ചതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ ഒരു വാർഡ് വർധിപ്പിക്കുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here