പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; കുറ്റിപ്പുറത്ത് കോൺഗ്രസിൽ ഭിന്നത
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്‌ച നടക്കാനിരിക്കെ കോൺഗ്രസ് പ്രതിനിധിയായ വനിതാ അംഗം രാജിവച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും 17ാം വാർഡ് മെമ്പറുമായ ലതയാണ് കോൺഗ്രസിലെ തർക്കങ്ങളെ തുടർന്ന് രാജിവച്ചത്. പ്രസിഡന്റ് സ്ഥാനാർഥിയായി 20ാം വാർഡ് അംഗം ഫസീനയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. ലതയെ പ്രസിഡന്റായി പരിഗണിക്കണമെന്ന് മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോൺഗ്രസ് മെമ്പർമാരിൽ മൂന്നുപേരും ലതയെ അനുകൂലിച്ചു. എന്നാൽ ഡിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം കമ്മിറ്റിയും ഫസീനയെ അനുകൂലിക്കുകയായിരുന്നു. ഇവർ ഡിസിസിയിൽ സമ്മർദം ശക്തമാക്കി. ഇതിനിടെ കുറ്റിപ്പുറത്തെ 15 വാർഡുകളിലെ കോൺഗ്രസ് കമ്മിറ്റികളും പിന്തുണച്ചിട്ടും ലതയെ പരിഗണിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യുഡിഎഫ് ധാരണ പ്രകാരം ലീഗിലെ ഷമീല പ്രസിഡന്റ് പദവി രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ശനിയാഴ്ച പകല്‍ 11ന് തെരഞ്ഞെടുപ്പ് നടക്കും. കുറ്റിപ്പുറം സബ് രജിസ്‌ട്രാറാണ് വരണാധികാരി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here