1599 രൂപയ്ക്ക് വിമാനത്തിൽ പറക്കാം, വമ്പൻ ഓഫർ പ്രഖ്യാപിച്ച് ആകാശ എയർ
ന്യൂഡൽഹി : ന്യൂ ഇയർ ആഘോഷം വിമാനത്തിലാക്കിയാലോ. 1599 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ബഡ്‌ജറ്റ് എയർലൈൻ കമ്പനിയായ ആകാശ എയർ. ആകാശ എയറിന്റെ ന്യൂ ഇയർ സെയിൽ ഓഫർ പ്രകാരം 1599 രൂപ മുതൽ ടിക്കറ്രുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആഭ്യന്തര അന്തർദേശീയ റൂട്ടുകളിൽ ഉൾപ്പെടെ ഓഫർ ലഭിക്കും. ആകാശ എയറിന്റെ വെബ്സൈറ്റായ www.akasaair.com വഴിയോ , മൊബൈൽ ആപ്പിലൂടെയോ യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 25 ശതമാനം വരെ കിഴിവ് ലഭിക്കും. 2024 ഡിസംബർ 31നും 2025 ജനുവരി 3നും ഇടയിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരമുള്ളത്. 2025 ജനുവരി ഏഴു മുതലുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ കഴിയുന്നത്.
മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യു.എസ്.ബി പോർട്ടുകൾ, ഓൺബോർഡ് മീൽ സർവീസ് തുടങ്ങിയ സൗകര്യങ്ങൾ ആകാശ എയർ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാഴ്ച വൈകല്യമുള്ളവർക്കായി ബ്രെയിൽ ലിപിയിലുള്ള സുരക്ഷാ നിർദ്ദേശ കാർഡും ഓൺബോർഡ് മെനു കാർഡും ആകാശ എയർ അവതരിപ്പിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here