HomeTravelപൊന്നാനിക്കടലിലെ മണൽത്തിട്ട കാണാൻ ജനപ്രവാഹം; പ്രവേശനം കലക്ടർ നിരോധിച്ചു

പൊന്നാനിക്കടലിലെ മണൽത്തിട്ട കാണാൻ ജനപ്രവാഹം; പ്രവേശനം കലക്ടർ നിരോധിച്ചു

പൊന്നാനിക്കടലിലെ മണൽത്തിട്ട കാണാൻ ജനപ്രവാഹം; പ്രവേശനം കലക്ടർ നിരോധിച്ചു

പൊന്നാനി: പ്രളയത്തെ തുടർന്ന് പൊന്നാനി കടലിൽ രൂപപ്പെട്ട മനോഹരമായ മണൽതിട്ട കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. ഞായറാഴ്ച രാവിലെ ആറിനുതന്നെ നൂറുകണക്കിനാളുകളാണ് ദൂരനാട്ടിൽനിന്നുപോലും പൊന്നാനിയിലേക്ക് ഒഴുകിയെത്തിയത്.
മറ്റ് ജില്ലകളിൽനിന്നും കുടുംബസമേതം കടലിന്റെ വിസ്മയം കാണാൻ എത്തിയതോടെ പൊന്നാനിയുടെ കടൽതീരം ജനസാഗരമായി. ഇന്നലെ രാവിലെ മുതൽ അഴിമുഖത്തും കോടതിപ്പടിയിലുമെല്ലാം വാഹനങ്ങളുടെയും കാണാനെത്തിയവരുടെയും വൻതിരക്കായിരുന്നു. ഗതാഗതം സ്തംഭിച്ചു. കോടതിപ്പടിയിൽനിന്ന് വാഹനങ്ങൾ കൂട്ടത്തോടെയാണ് അഴിമുഖം റോഡിലേക്ക് പ്രവേശിക്കുന്നത്. പൊന്നാനിയിൽ കടൽ പിളർന്നുവെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സന്ദർശകരെത്തുന്നുണ്ട്.
ponnani-beach
ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുകയാണ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് പൊന്നാനിയിൽ. പലപ്പോഴും സഞ്ചാരികളുടെ ആധിക്യംമൂലം വൈകുന്നേരങ്ങളിൽ പൊന്നാനി അങ്ങാടിയിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വൈകുന്നേരങ്ങളിലെത്തുന്ന സഞ്ചാരികളെ വേലിയേറ്റം കാരണം അപകടസാധ്യത മുന്നിൽകണ്ട് പൊലീസ് തിരിച്ചയക്കുകയാണ്. ഇന്നലെ നൂറുകണക്കിന് സഞ്ചാരികളെയാണ് പൊലീസ് തിരിച്ചയച്ചത്. കഴിഞ്ഞ ദിവസം പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽനിന്നായി വളരെയധികം ആളുകൾ കടലന്റെ മനോഹാരിത കാണാൻ എത്തിയിരുന്നെങ്കിലും വൈകിട്ട‌് അഞ്ചിന‌് വേലിയേറ്റ സമയമായതിനാൽ പൊലീസ് ആർക്കും മണൽതിട്ടയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയില്ല. മണൽ തിട്ടയിലൂടെ നടക്കാൻ ആഗ്രഹിച്ചു വന്നവരൊക്കെ നിരാശരായി മടങ്ങിപ്പോകുകയായിരുന്നു.
ponnani-beach
പ്രവേശനം നിരോധിച്ചു
അഴിയിൽ പുലിമുട്ടിനോട് ചേർന്നു രൂപപ്പെട്ടിട്ടുള്ള മണൽത്തിട്ടയിലേക്കുള്ള പ്രവേശനം ജില്ലാ കലക്ടർ നിരോധിച്ചു. ഈ മണൽത്തിട്ട അസ്ഥിരമായ പ്രതിഭാസമാണ്. ഇത് ഏതു സമയവും താഴ്‌ന്നു പോകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചുള്ള ഉത്തരവ് ബോർഡ് ഉടൻ സ്ഥാപിക്കും. പ്രളയവും മലമ്പുഴ അണക്കെട്ട് തുറന്നതുംമൂലം ഭാരതപ്പുഴയിലെ ഒഴുക്ക് പതിവിനേക്കാളേറെ ശക്തമായിരുന്നു.
ponnani-beach
അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായിട്ടുള്ള നീണ്ട മണൽത്തിട്ട. പുഴയിലൂടെ ഒഴുകിവരുന്ന എക്കൽ മണ്ണിന്റെ ശേഖരമാണ് സാധാരണഗതിയിൽ അഴിമുഖങ്ങളിൽ മണൽത്തിട്ടകളായി രൂപപ്പെടുന്നത്. പുലർച്ചെ 5നും വൈകിട്ട് 5നും ജലവിതാനം വളരെ കുറയുന്ന സമയത്താണ് കടലിലേക്ക് കൂടുതൽ ദൂരം നടക്കാനാവുക. എന്നാൽ വേലിയേറ്റസമയത്ത് ഇങ്ങനെ സാഹസത്തിനു മുതിരുന്നത് അപകടം വിളിച്ചു വരുത്തുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!