ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് 12 മുതൽ സർവകലാശാല സ്റ്റേഡിയത്തിൽ
മലപ്പുറം : ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 51-ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഈ മാസം 12, 13, 14 തീയതികളിൽ കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. 12-ന് രാവിലെ ഒമ്പതിന് അത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് മജീദ് ഐഡിയൽ പതാക ഉയർത്തും. മലപ്പുറം ജില്ലയിലുള്ള വിവിധ സ്കൂളുകൾ, ക്ലബ്ബുകളിൽനിന്നായി മുപ്പതോളം ടീമുകൾ പങ്കെടുക്കും. രണ്ടായിരത്തോളം അത്‌ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കാനെത്തും. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20, അണ്ടർ 23, പുരുഷ, വനിതാ വിഭാഗങ്ങളിലായി 180-ഓളം മത്സര ഇനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക. സമാപനസംഗമത്തിൽ മികവു തെളിയിച്ച ജില്ലയിലെ കായികപരിശീലകരെയും കായികതാരങ്ങളെയും ആദരിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ നൽകുന്ന പത്തക്കനമ്പർ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് അസോസിയേഷൻ അറിയിച്ചു. പത്തക്കനമ്പർ ഉള്ള കുട്ടികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. പത്തക്കനമ്പർ ലഭിക്കാത്ത അത്‌ലറ്റുകൾക്ക് അവ നൽകാനുള്ള സംവിധാനം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തിയിട്ടുണ്ട്. എല്ലാ അത്‌ലറ്റുകളും അക്കാര്യം ശ്രദ്ധിക്കണമെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, ട്രഷറർ അബ്ദുൾ കാദർ, മുനീർ മേമന, പി.പി. ഷമീൽ അഹമ്മദ്, പി.ടി.എം. ആനക്കര എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here