നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് വളാഞ്ചേരി നഗരസഭ കൗൺസിൽ യോഗം
വളാഞ്ചേരി: വിവിധ വിഷയങ്ങളിലെ ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി വളാഞ്ചേരി നഗരസഭ കൗൺസിൽയോഗം. പ്രതിപക്ഷ ആവശ്യങ്ങൾ അജൻഡയിലെ അവസാന ചർച്ചാവിഷയമാക്കിയതിൽ പ്രതിപക്ഷവും പോക്‌സോ കേസിലെ പ്രതിയും പ്രതിപക്ഷ കൗൺസിലറുമായ നടക്കാവിൽ ഷംസുദ്ദീൻ യോഗത്തിൽ പങ്കെടുക്കാനെത്തിയതിൽ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധിച്ചതാണ് യോഗം അലങ്കോലമാവാൻ കാരണം.
അശാസ്ത്രീയമായി നഗരത്തിൽ ഐറിഷ് പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് ടൗണിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യുക, കംഫർട്ട് സ്റ്റേഷനിലെ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷം നഗരസഭാധ്യക്ഷയ്ക്ക് ഹർജി നൽകിയിരുന്നു. എന്നാൽ കൗൺസിൽ യോഗത്തിൽ വിഷയം അവസാന അജൻഡയായി ഉൾപ്പെടുത്തിയ ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എൽ.ഡി.എഫ്. അംഗങ്ങൾ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിപക്ഷനേതാവ് ടി.പി. അബ്ദുൾഗഫൂർ, ടി.പി. രഘുനാഥ്, ഇ.പി. അച്യുതൻ, പി.പി. ഹരിദാസൻ എന്നിവർ നേതൃത്വംനൽകി.
പോക്‌സോ കേസിലെ പ്രതിയായ നടക്കാവിൽ ഷംസുദ്ദീൻ യോഗത്തിൽ പങ്കെടുത്തതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇദ്ദേഹം യോഗത്തിൽ പങ്കെടുക്കരുതെന്നും പുറത്തുപോകണമെന്നുമാവശ്യപ്പെട്ട് ഭരണപക്ഷ മെമ്പർമാർ മുദ്രാവാക്യംവിളിച്ചു. ഭരണകക്ഷിയിലെ വനിതാംഗങ്ങൾ മുഖം തുണികൊണ്ടുമറച്ച് പ്ലക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ നഗരസഭാധ്യക്ഷ സി.കെ. റുഫീന ഷംസുദ്ദീനോട് ഹാളിൽനിന്നും പോകാൻ നിർദേശിച്ചു. തുടർന്ന് അദ്ദേഹം ഇറങ്ങിപ്പോയി. ശേഷം പ്രതിപക്ഷാംഗങ്ങളില്ലാതെ യോഗം ചേർന്നു. കേസിൽപ്പെട്ട കൗൺസിലർ രാജി വെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങൾ നഗരത്തിൽ പ്രകടനം നടത്തി. ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗവും നടന്നു. സ്ഥിരം സമിതി അധ്യക്ഷൻ സി. അബ്ദുൾനാസർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here