മജ്ലിസ് കോളേജ് ഇ-കണ്ടൻ്റ് ഡവലപ്മെൻ്റ് സെൻ്റർ കാലഘട്ടത്തിൻ്റെ അനിവാര്യത: കെ.ടി.ജലീൽ
വളാഞ്ചേരി: പുറമണ്ണൂർ മജ് ലിസ്ആർട്ട്സ് കോളേജിൽ ആരംഭിച്ച ഇ.കണ്ടൻ്റ് ഡവലപ്മെൻ്റ് സെൻ്റർ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. മജ്ലിസ് കോളേജിൽ മൾട്ടിമീഡിയ വകുപ്പിൻ്റെ കീഴിൽ അത്യാധുനിക സൗകര്യത്തോട് കൂടി ആരംഭിച്ച ഈ.കണ്ടൻ്റ് ഡവലപ്മെൻ്റ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വഴി ലോകം പുതിയ ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാ രംഗത്തും മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.വിദ്യാഭ്യാസ രംഗവും മാറ്റങ്ങൾക്ക് വിധേയമാണ്. ആ മാറ്റം ഗുണകരമായി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് കഴിയണം. അധ്യാപകനില്ലാത്ത ഒരു അദ്ധ്യായനമല്ല നാം ലക്ഷിമിടുന്നത്. ഏത് ഇ.ലേണിംഗ് ആയാലും അധ്യാപകൻ്റെ സാന്നിദ്ധ്യവും സാമീപവുമില്ലാതെ കുട്ടികൾക്ക് സാമൂഹ്യബോധമുള്ളവരായി വളർന്ന് വരാൻ കഴിയില്ല.എന്നാൽ നൂതന സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സമൂഹത്തിന് കഴിയണം.
വിദ്യാഭ്യാസ മേഖലയിൽ ലോകത്തുള്ള വിദഗ്ധരുടെ ക്ളാസ്സുകൾ ഉപയോഗപ്പെടുത്തുവാൻ ഈ സെൻ്ററിന് കഴിയണം.
കോഴിക്കോട് സർവ്വകലാശാലയിലെ മറ്റ് കോളേജുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ആധുനിക സ്റ്റുഡിയോ പ്രയോജനപ്പെടുത്തി ഓൺലൈൻ ക്ളാസ്സുകൾ വ്യാപകമാക്കുവാൻ കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കോട്ടക്കൽ എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു.മജ്ലിസ് പ്രസിഡൻ്റ് കെ.എസ്.എ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി.മുസ്തഫൽ ഫൈസി, സെക്രട്ടറി സി.പി.ഹംസ, കോളേജ് ചെയർമാൻ സലീം കരുവമ്പലം, ട്രഷറർ മാനു ഹാജി, സി.എ.ഒ.എ.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദലി സ്വാഗതവും മൾട്ടിമീഡിയ വകുപ്പ് തലവൻ നൗഷാദ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here