HomeNewsCrimeFinancial crimesഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ

ഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ

ramlath-rashid-fraud

ഓൺലൈൻ ചൂതാട്ടത്തിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എടയൂർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ

മങ്കട: ഗോവയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ കൂടുതൽ പ്രതികൾ പിടിയിൽ. എടയൂർ മാവണ്ടിയൂർ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് (24), ഭർത്താവ് പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായത്. തമിഴ്നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍നിന്നാണ് മങ്കട എസ്.ഐ സി.കെ. നൗഷാദും സംഘവും ദമ്പതികളെ പിടികൂടിയത്. കേസിൽ റംലയുടെ സഹോദരൻ റാഷിദ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
rashid-fraud-edayur
മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വി.ഐ.പി ഇന്‍വെസ്റ്റ്മെന്‍റ് എന്ന വാട്സ്ആപ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പര്‍ ആഡ് ചെയ്ത് ഗോവ കാസിനോയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
fraud
ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മങ്കട എസ്.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധി വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ചിരുന്ന മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത്, ഇവരുടെ സഹോദരന്‍ പട്ടര്‍മാര്‍തൊടി മുഹമ്മദ് റാഷിദ് എന്നിവരെക്കുറിച്ച് സൂചന ലഭിച്ചു. മുഹമ്മദ് റാഷിദും ഭാര്യസഹോദരനും ഹാക്കിങ് കോഴ്​സ്​​ വിദ്യാർഥിയുമായ റാഷിദും കൂടിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. യൂട്യൂബ് ട്രേഡിങ്​ വിഡിയോകള്‍ വഴി തങ്ങളുടെ വാട്സ്ആപ് ഗ്രൂപ് ലിങ്കുകള്‍ അയക്കുകയും വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്ന് പണം വാങ്ങുകയും തുടക്കത്തിൽ ലാഭവിഹിതമെന്നപേരില്‍ കുറച്ച്​ തുക അയച്ചുകൊടുത്തുമായിരുന്നു തട്ടിപ്പ്​.
ramlath-rashid-fraud
പണം കിട്ടിയില്ലെന്ന പരാതികള്‍ വരുന്നതോടുകൂടി ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആകുകയും പുതിയ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കി വീണ്ടും തട്ടിപ്പ് തുടരുകയും ചെയ്തു. റംലത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാനായി ആവശ്യപ്പെട്ടിരുന്നത്. ഇവരുടെ സഹോദരന്‍ മുഹമ്മദ് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട എസ്.ഐ സി.കെ. നൗഷാദും സംഘവും വളാഞ്ചേരിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടില്‍നിന്ന് മുങ്ങിയ മുഹമ്മദ് റാഷിദും റംലത്തും ഏര്‍വാടിയില്‍ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
cuff
ഇത്തരത്തില്‍ തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ടെന്നും നിക്ഷേപം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവര്‍ അറിയിച്ചു. എ.എസ്.ഐ സലീം, സി.പി.ഒ സുഹൈല്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജറാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!