പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി യോഗം ചേർന്നു
വളാഞ്ചേരി:കോട്ടക്കൽ മണ്ഡലം വിദ്യാഭ്യാസ സമിതി അവലോകനയോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. നിയോജക മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കൽ മുനിസിപ്പാലിറ്റികളിലെയും പൊന്മള, എടയൂർ, ഇരുമ്പിളിയം, കുറ്റിപ്പുറം മാറാക്കര പഞ്ചായത്തുകളിലെയും അധ്യക്ഷന്മാരുടേയും വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകരുടെ പ്രതിനിധികൾ എന്നിവരുടെ യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് ഓഫീസിൽ വെച്ച് ചേർന്നത്. വീട്ടിൽ പഠനസൗകര്യം ഒരുക്കുന്നതിനും അത് സജ്ജീകരിക്കുന്നതിൻറെയും കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് തലത്തിൽ ജനപ്രതിനിധികളുടെയും ,അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്തോടെ ചർച്ചകൾ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് കൃത്യമാക്കി പഞ്ചായത്ത് തലത്തിൽ ക്രോഡീകരിക്കുവാൻ തീരുമാനിച്ചു. ഇതുവരെ അധ്യാപകരും മറ്റു സന്നദ്ധ സംഘടനകളും നൽകിയ ഡിജിറ്റൽ ഡിവൈസുകളുടെ കണക്ക് തിരൂർ ഡി.ഇ.ഒ യോഗത്തിൽ അവതരിപ്പിച്ചു. അധ്യാപകരും സന്നദ്ധസംഘടനകളും മറ്റുമായി മൊബൈൽ ഫോൺ , ടാബ്‌ലെറ്റ്, ലാപ്ടോപ്പ് എന്നിവ ഉൾപ്പെടെ 354 ഡിവൈസുകൾ കൊടുത്തിട്ടുണ്ട്.
ഈ മാസം26 ന് മുമ്പായി മുനിസിപ്പൽ / പഞ്ചായത്ത് തലങ്ങളിൽ പി ഇ സി അവലോകനയോഗം നടത്തും. എല്ലാ കുട്ടികൾക്കും വീട്ടിൽ ഡിജിറ്റൽ ഡിവൈസ് ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു. സ്വന്തമായി ഡിജിറ്റൽ ഡിവൈസ് ലഭ്യമാക്കാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം സജ്ജീകരിക്കാൻ തീരുമാനിച്ചു. പൊതു പഠനകേന്ദ്രത്തിൽ പൂർണ്ണ സമയം അധ്യാപകരുടെയും ബന്ധപ്പെട്ടവരുടെയും സാന്നിധ്യം ഉണ്ടാവണം എന്നു തീരുമാനിച്ചു. പഞ്ചായത്ത് തലത്തിൽ ഓൺലൈൻ ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി തുടങ്ങേണ്ടതാണ് എന്ന അഭിപ്രായം യോഗത്തിൽ രൂപപ്പെട്ടു. അധ്യാപകർ, പ്രധാനാധ്യാപകർ, പിടിഎ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പഠന സംവിധാനങ്ങളുടെ മോണിറ്ററിംഗ് ശക്തമാക്കാൻ തീരുമാനിച്ചു. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പ്രൈമറി, എച്ച്.എസ്.എച്ച്.എസ്.എസ് തലത്തിലുള്ള നിലവിലെ അധ്യാപക കുറവുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു.
യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷെബീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം) ടി.പി സജ്ന ടീച്ചർ (മാറാക്കര) ഹസീന ഇബ്രാഹീം (എടയൂർ ) ജസീന അബ്ദുൽ മജീദ് (പൊന്മള ) എച്ച് എം ഫോറം പ്രതിനിധികളായ അബ്ദുൽ വഹാബ്, വി.പി അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു. തിരൂർ ഡി.ഇ.ഒ രമേഷ്കുമാർ ,കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ, മലപ്പുറം ബി.പി.സി മുഹമ്മദാലി, കുറ്റിപ്പുറം ബി.പി.സി അബ്ദുൽ സലീം എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ചകൾ നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here