വിജ്ഞാപനമായി; ഇനി പത്രികാ സമർപ്പണം
മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനമായി. ഇതു സംബന്ധിച്ച് പൊന്നാനി, മഞ്ചേരി, മണ്ഡലങ്ങളിലേക്കുള്ള വിജ്ഞാപനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അമിത് മീണ കളക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പതിച്ചു. വിജ്ഞാപനമായതോടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം തുടങ്ങി. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക.
പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിവസം ജില്ലയിൽ ആരും പത്രിക സമർപ്പിച്ചില്ല. പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ നാലാണ്. യു.ഡി.എഫ് മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ 11ന് ജില്ലാ കളക്ടർ അമിത് മീണയ്ക്ക് മുമ്പാകെ പത്രിക സമർപ്പിക്കും. ഇ.ടി. മുഹമ്മദ് ബഷീർ ഇന്ന് രാവിലെ പത്തിന് പത്രിക നൽകും. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സാനു ഏപ്രിൽ രണ്ടിന് പത്രിക സമർപ്പിക്കും. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രിൽ എട്ടു വരെ പിൻവലിക്കാനുള്ള അവസരമുണ്ടാകും. അനംഗീകൃത പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ചിഹ്നമനുവദിക്കുന്നത് ഏപ്രിൽ എട്ടിന് വൈകിട്ട് മൂന്നിനായിരിക്കും.
സുരക്ഷ കർശനമാക്കി
ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തുന്ന സ്ഥാനാർത്ഥികളോടൊപ്പം അണികൾ പ്രകടനമായി എത്തുന്നതുൾപ്പടെയുള്ളവ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി മലപ്പുറം ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പൊലീസ്, ആംഡ് ഫോഴ്സ്, ദ്രുതകർമ്മസേനാ വിഭാഗങ്ങളെ ഉൾപ്പെടുത്തി നാൽപ്പതോളം സേനാംഗങ്ങളെ കളക്ടറേറ്റിലും പരിസരങ്ങളിലുമായി നിയോഗിച്ചു. കളക്ടറേറ്റിലെ രണ്ട് ഗേറ്റിലും വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിനുമാണ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുള്ളത്. നോമിനേഷൻ സമർപ്പിക്കാനെത്തുന്ന സ്ഥാനാർത്ഥികളോടൊപ്പം നാല് പേർക്ക് മാത്രമാണ് വരണാധികാരിയായ ജില്ലാ കളക്ടറുടെ മുറിയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളത്. സ്ഥാനാർത്ഥിയുടെ വാഹനം 100 മീറ്റർ അകലെ നിറുത്തണമെന്ന നിർദ്ദേശവും കർശനമാക്കിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here