കടംവീട്ടാൻ എടിഎം കവർച്ച; കവർച്ചാശ്രമത്തിനിടെ കോട്ടക്കൽ സ്വദേശിയായ യുവ എൻജിനീയർ പിടിയിൽ
കോഴിക്കോട്: 42 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ച യുവ എന്‍ജിനീയറെ പോലീസ് കൈയോടെ പിടികൂടി. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20-ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ്സംഘം, ഷട്ടര്‍ താഴ്ത്തിയിട്ട എ.ടി.എം. റൂമില്‍ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ടതാണ് പ്രതി കൈയോടെ പിടിയിലാകാന്‍ ഇടയാക്കിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, പണം ഉള്‍പ്പെട്ട ലോക്കറിലെ ബോക്‌സ് തിരികെ കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എ.ടി.എമ്മിലെത്തിയത്.
സി.സി.ടി.വി.ദൃശ്യങ്ങളില്‍ മുഖം വരാതിരിക്കാന്‍ മഫ്‌ളര്‍ ഉപയോഗിച്ച് തലയും മുഖവും മറച്ചാണ് എ.ടി.എമ്മിലേക്ക് എത്തിയത്. ഈ മുറിയുടെ തൊട്ടടുത്തുള്ള രണ്ട് കടകളിലെ ക്യാമറകള്‍, പുറകിലൂടെയെത്തി മുകളിലേക്ക് തിരിച്ചുവെച്ചാണ് എ.ടി.എമ്മിലെത്തിയത്. എ.ടി.എമ്മിനുള്ളിലെ ക്യാമറകളില്‍ പശിമയുള്ള ദ്രാവകം സ്‌പ്രേ ചെയ്തു. കടം വീട്ടാന്‍ കവര്‍ച്ച ആസൂത്രണംചെയ്ത വിജേഷ് ഒന്നരമാസമായി വീടുവിട്ട് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിലാണ് താമസം. സ്വന്തം കാറിലെത്തി എ.ടി.എമ്മിന്റെ ഒരുകിലോമീറ്റര്‍ അകലെ കാര്‍ പാര്‍ക്ക്‌ചെയ്ത് നടന്നാണ് എ.ടി.എം റൂമിലേക്കെത്തിയത്.
പണമുണ്ടാക്കാന്‍ പല വഴികളും നോക്കി അവയെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് എ.ടി.എം. കവര്‍ച്ചയിലെത്തിയത്. ഏത് എ.ടി.എം. എന്നുറപ്പിക്കാന്‍ കോഴിക്കോടിന്റെ തിരക്കൊഴിഞ്ഞ പ്രദേശങ്ങളിലൂടെ ധാരാളം യാത്ര നടത്തി. എങ്ങനെ എ.ടി.എം തകര്‍ക്കാമെന്നത് മനസ്സിലാക്കാന്‍ യുട്യൂബ് വീഡിയോകളെ ആശ്രയിച്ചു. ഇതിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈനിലൂടെ വരുത്തി. ഡമ്മി ലോക്കറിന്റെ തകിട് മുറിച്ച് പരിശീലിക്കുകയും ചെയ്തു. aനൈറ്റ് പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കണ്‍ട്രോള്‍ റൂം പോലീസുകാരായ മുക്തിദാസ്, അനീഷ്, സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നാണ് വിജേഷിനെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടേമുക്കാലോടെതന്നെ വിവരമറിഞ്ഞ് അസി. കമ്മിഷണര്‍ എ. ഉമേഷ്, ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്. സജീവ് എന്നിവരുള്‍പ്പെട്ട സംഘം അവിടെയെത്തി. പ്രതിയെ വ്യാഴാഴ്ച സന്ധ്യയോടെ ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് (ഒന്ന്) എസ്.വി. മനേഷ് മുന്‍പാകെ ഹാജരാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here