ഇന്നു മുതല്‍ സഞ്ചാരികളെ നെടുങ്കയത്തേക്ക് കടത്തിവിടും
കരുളായി:വനത്തിനകത്തെ പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായ നെടുങ്കയത്തേക്ക് സഞ്ചാരികള്‍ക്ക് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിന്‍വലിച്ചു. ശനിയാഴ്ചമുതല്‍ സഞ്ചാരികള്‍ക്ക് നെടുങ്കയത്ത് പ്രവേശിക്കാം.
വേനല്‍ ശക്തി പ്രാപിക്കുമ്പോള്‍ കാട്ടുതീ സാധ്യത കണക്കിലെടുത്താണ് മാര്‍ച്ച് മാസം തുടക്കത്തില്‍ കേന്ദ്രം താത്കാലികമായി അടച്ചത്. തുടര്‍ച്ചയായി വനത്തില്‍ മഴ ലഭിച്ചതിനെത്തുടര്‍ന്ന് പുല്ല് കിളിര്‍ക്കുകയും കാട്ടുതീ സാധ്യത ഇല്ലാതാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും സഞ്ചാരികള്‍ക്കായി കവാടം തുറക്കുന്നത്. ജില്ലയിലെതന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നെടുങ്കയത്തേക്ക് നിത്യേന ജില്ലയ്ക്കകത്തും പുറത്തുംനിന്നുള്ളവര്‍ എത്താറുണ്ട്.
പാറക്കെട്ടുകള്‍ നിറഞ്ഞ കരിമ്പുഴ, ബ്രിട്ടീഷ് ഫോറസ്റ്റ് എഞ്ചിനീയറായിരുന്ന ഡോസണ്‍ സായ്പിന്റെ ശവകുടീരം, ആനപ്പന്തി, ബ്രിട്ടീഷുകാര്‍ പണിത ഗര്‍ഡര്‍ പാലം, നൂറുവര്‍ഷം പഴക്കമുള്ള തേക്ക് തോട്ടങ്ങള്‍, തടി ഡിപ്പോ, ഫോറസ്റ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് തുടങ്ങിയവയാണ് നെടുങ്കയത്തെ കാഴ്ചകള്‍. ചെറുപുഴ ചെക്‌പോസ്റ്റ് കഴിഞ്ഞാല്‍ നെടുങ്കയം വരെയുള്ള വനയാത്രയും സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകും.
ആന, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളെ കാണാനുള്ള സാധ്യതയും ഏറെയാണ്. തിരിച്ചുവരുമ്പോള്‍ ആദിവാസികള്‍ ശേഖരിച്ച ശുദ്ധീകരിച്ച കാട്ടുതേന്‍, കൊടംപുളി, പന്തം തുടങ്ങിയ വനവിഭവങ്ങള്‍ വനം സംരക്ഷണ സമിതിയുടെ സ്റ്റോറില്‍നിന്ന് വാങ്ങാനും കിട്ടും. നെടുങ്കയം സന്ദര്‍ശിക്കുന്നതിനുള്ള ടിക്കറ്റ് ചെറുപുഴ ചെക്‌പോസ്റ്റില്‍ ലഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here