കാലവർഷക്കെടുതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകനം നടത്തി
മലപ്പുറം ജില്ലയിലുണ്ടായ കാലവർഷക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. നിലമ്പൂരിൽ കാലവർഷക്കെടുതിക്കിരയായവരെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിത ബാധിതരെ കണ്ട ശേഷം പോത്തുകൽ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനാണ് ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകിയത്. ഇതോടൊപ്പം ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്ന് ഒരു തരത്തിലുമുള്ള പരാതി ഉയരാൻ ഇടവരരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി നടക്കേണ്ടത്. അതു കാലതാമസം കൂടാതെ ചെയ്തു തീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സേവകരുടെയും സഹകരണത്തോടെ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ, തുറമുഖ-പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ പി. വി. അൻവർ, ടി.വി. ഇബ്രാഹിം, പി.കെ. ബഷീർ, എ.പി. അനിൽ കുമാർ, അഡ്വ. എം. ഉമ്മർ, കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, റവന്യു സെക്രട്ടറി ഡോ.വി. വേണു, ഡി. ജി. പി ലോക്നാഥ് ബെഹ്‌റ, ആർമി മേജർ ജനറൽ കെ. ജെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. സുഗതൻ, ജില്ലാ കലക്ടർ ജാഫർ മലിക്, ഡി.ഐ.ജി. എസ്.സുന്ദരൻ, ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം, ഡി.എഫ്.ഒ യോഗേഷ് കുമാർ നീലകണ്ഠ്, എ.ഡി.എം എൻ. എം.മെഹറലി, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here