ഇരിമ്പിളിയം പി.എച്ച്.സി.യിൽ സായാഹ്ന ഒ.പി. നാളെ മുതൽ
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒ.പി. തിങ്കളാഴ്‌ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെയാണ് പ്രവർത്തനസമയം. ഒ.പി.യിലേക്ക് ഒന്നുവീതം ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കും. ഇവർക്ക് സർക്കാർ ചട്ടമനുസരിച്ചുള്ള വേതനവും നൽകും. ഇതിനായി പഞ്ചായത്ത് ഭരണസമിതി 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പി.എച്ച്.സി.യിൽ രണ്ടു ഡോക്ടർമാരാണുള്ളത്. ഇവരുടെ ജോലിസമയം രാവിലെ ഒമ്പതുമുതൽ ഒരുമണിവരെയാണ്. ദിവസവും ശരാശരി 400 രോഗികളെത്തുന്ന ഒ.പി.യിൽ പരാതികളും കുറവായിരുന്നില്ല. സായാഹ്ന ഒ.പി. കൂടി തുടങ്ങുന്നതോടെ പി.എച്ച്.സി.യിലെത്തുന്ന മുഴുവനാളുകൾക്കും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, വി.ടി. അമീർ, എൻ. മുഹമ്മദ്, എൻ. ഖദീജ എന്നിവർ പറഞ്ഞു.