മാതൃകാ പെരുമാറ്റച്ചട്ടം; അറിയേണ്ടതെല്ലാം
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. സർക്കാരുകളും സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നത്.
എന്താണ് മാതൃക പെരുമാറ്റച്ചട്ടം?
സ്വതന്ത്രവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദ്ദേശമാണ് മാതൃക പെരുമാറ്റച്ചട്ടം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മുതൽ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്ന ദിവസം വരെയാണ് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടാകുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും നിരീക്ഷിക്കുന്നതിനുള്ള അധികാരം ഉണ്ട്.
മാതൃക പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങൾ
1. പൊതു സ്വഭാവം- പ്രവർത്തനത്തിന്‍റെയും നയത്തിന്‍റെയും പരിപാടിയുടെയും ഭാഗമായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയനേതാക്കൾക്കും എതിർ സ്ഥാനാർത്ഥിയെ വിമർശിക്കാം. എന്നാൽ വോട്ടർമാരെ സ്വാധീനിക്കുന്നതരത്തിൽ ജാതി, വർഗീയ പരാമർശങ്ങൾ പാടില്ല.
2. യോഗങ്ങൾ- പൊതുയോഗങ്ങളും റാലികളും നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സ്ഥലത്തെ പൊലീസ് അധികൃതരെ മുൻകൂറായി അറിയിക്കണം. ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കാൻ പൊലീസിന് സമയം നൽകണം.
3. തെരഞ്ഞെടുപ്പ് റാലി- ഒരേ സ്ഥലത്ത് ഒന്നിലധികം പാർട്ടികൾ തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിൽ റൂട്ട് വ്യത്യസ്തമാകണം. എതിരാളികളുടെ കോലം കത്തിക്കുകയോ പോസ്റ്റർ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തി ഉണ്ടാകാൻ പാടില്ല.
4. തെരഞ്ഞെടുപ്പ് ദിവസം- പോളിങ് ബൂത്തിൽ നിയുക്തരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പാർട്ടിയുടെ പേരും ചിഹ്നവും അടങ്ങിയ ബാഡ്ജ് ധരിച്ചിരിക്കണം.
5. പോളിങ് ബൂത്ത്- വോട്ട് ചെയ്യാൻ എത്തുന്നവരല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ മാത്രമെ ബൂത്തിൽ പ്രവേശിക്കാനാകു. വോട്ടെടുപ്പ് ദിനം പോളിങ് ബൂത്തിന്‍റെ 100 മീറ്റർ പരിധിയിൽ വോട്ട് അഭ്യർത്ഥന അനുവദനീയമല്ല.
6. നിരീക്ഷകർ- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെയാണ് അറിയിക്കേണ്ടത്.
സർക്കാരുകൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ
1. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം സർക്കാരുകൾ ഒരു വകുപ്പിലും നിയമനങ്ങൾ നടത്താൻ പാടില്ല.
2. റോഡുകൾ, കുടിവെള്ള പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്യരുത്. പുതിയ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും പാടില്ല.
3. ഭരണകക്ഷി ഭരണത്തിന്‍റെ സ്വാധീനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്, മന്ത്രിമാർ വാഗ്ഗാനങ്ങൾ നൽകുകയോ പുതിയ താൽക്കാലിക നിയമനങ്ങൾ നടത്താനോ പാടില്ല.
സ്ഥാനാർത്ഥികൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ
1. സ്ഥാനാർത്ഥികളും അവരുടെ പ്രചാരകരും എതിർ സ്ഥാനാർത്ഥികളും സ്വൈര്യ ജീവിതത്തെ മാനിക്കണം. എതിരാളികളെ ശല്യപ്പെടുത്തുംവിധം അവരുടെ വീടുകൾക്ക് മുമ്പിൽ റാലികളോ പ്രകടനങ്ങളോ നടത്തരുത്.
2. തെരഞ്ഞെടുപ്പ് റാലികളും പ്രകടനങ്ങളും ഗതാഗതം തടസപ്പെടുത്തരുത്.
3. വോട്ടർമാരെ മദ്യമോ പണമോ നൽകി സ്വാധീനിക്കരുത്
4. പൊതു സമ്മേലന സ്ഥലങ്ങൾ, ഹെലി പാഡുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ, തുടങ്ങിയവ എല്ലാ സ്ഥാനാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ അവലസരമുണ്ടാകണം.
5. രാഷ്ട്രീയ പാർട്ടികൾ പാലിക്കേണ്ട കാര്യങ്ങൾ
6. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി എല്ലാ പാർട്ടികളും പൂർണ്ണമായി സഹകരിക്കണം. സ്ഥാനാർത്ഥികൾക്കും ഇത് ബാധകമാണ്.
7. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിന് സമീപം തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കരുത്.
8. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസ് ഇല്ലാതെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥികളുടെ പ്രതിനിധികളും പോളിംഗ് ബൂത്തിൽ പ്രവേശിക്കരുത്.
9. പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അധികൃതരിൽ നിന്ന് മുൻകൂർ അനുവാദം വാങ്ങണം.
10. തെരഞ്ഞെടുപ്പ് റാലികൾ, സമ്മേളനങ്ങൾ എന്നിവയുടെ സമയവിവരം മുൻകൂട്ടി ലോക്കൽ പൊലീസിനെ അറിയിക്കണം.
11. സ്ഥാനാർത്ഥികളോ രാഷ്ട്രീയ പാർട്ടികളോ ടെലിവിഷനിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നൽകരുത്.
12. സാമൂഹ്യമാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് മര്യാദകൾ പാലിക്കണം.
പൊതുനിർദ്ദേശങ്ങൾ
1. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ പ്രചരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല
2. രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം അനുവദിക്കില്ല. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ എന്ത് സംഭവിക്കും?
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സ്ഥിതി ഉണ്ടായാൽ രാഷ്ട്രീയപാർട്ടികൾക്കും അവയുടെ പ്രതിനിധികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയയ്ക്ക്. ഈ നോട്ടീസിന് മറുപടി നൽകാൻ രാഷ്ട്രീയനേതാക്കളും പാർട്ടികളും ബാധ്യസ്ഥരാണ്. തെറ്റ് സമ്മതിച്ചാണ് മറുപടി നൽകുന്നതെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകും. ഗുരുതരമായ പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാൽ സ്ഥാനാർത്ഥി, രാഷ്ട്രീയ പാർട്ടി, നേതാക്കൾ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ, ആദായനികുതി വകുപ്പ് എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേസ് ഫയൽ ചെയ്യാം. ഇന്ത്യയിൽ ഇതിനോടകം ഇത്തരത്തിൽ മൂന്നു കോടിയിൽപ്പരം കേസുകൾ നിലവിലുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം ഗോപാൽസ്വാമി പറയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here