HomeNewsCrimeFraudകൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം

കൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം

fraud

കൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം

മലപ്പുറം: സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് കൊളത്തൂർ സ്വദേശിയായ പ്രവാസി പോലീസിൽ പരാതി നൽകി. കൊളത്തൂർ ചന്തപ്പടി വടക്കേതിൽ അബ്ദുൽ ലത്തീഫാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കൊണ്ടോട്ടി വെങ്ങയൂർ സ്വദേശി കൈതകത്ത് നൗഷാദിനെതിരെയാണ് പരാതി. 1.17 കോടി രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയും 35 ലക്ഷം വീട് വയ്ക്കാനെന്ന് പറഞ്ഞ് കടമായും 50 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി പണം തിരികെ നൽകാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് അബ്ദുൽ ലത്തീഫ്. 2008ൽ അദ്ദേഹം നാട്ടിലുള്ളപ്പോൾ നൗഷാദിന്റെ അനുയായികളെന്ന് പറഞ്ഞ് ചിലർ വീട്ടിലെത്തി. നൗഷാദിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയും അദ്ദേഹം പറയുന്നതിനനുസരിച്ച് ജീവിച്ചാൽ ആത്മീയ ചൈതന്യം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് നൗഷാദ് ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ താമസിച്ച് കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു. കടമായി വാങ്ങിച്ച തുക നാട്ടിൽ തന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ അബ്ദുൽ ലത്തീഫിന്റെ ദുബായിലെ ഫ്ളാറ്റിലെത്തി താമസിക്കുന്നതും പതിവാക്കി. വിമാനടിക്കറ്റും വിസയുമടക്കം മുഴുവൻ സാമ്പത്തികച്ചെലവും വഹിച്ചത് അബ്ദുൽ ലത്തീഫായിരുന്നു. അബ്ദുൽലത്തീഫിന് വലിയൊരു ദുരന്തം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇടയ്ക്കിടെ ദുബായിലെ താമസസ്ഥലത്ത് പ്രാർത്ഥന നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് നൗഷാദിന് സ്ഥിരം വിസ ഏർപ്പാടാക്കി നൽകി. പല ആവശ്യങ്ങളും പറഞ്ഞ് ഇടയ്ക്കിടെ പണം കൈപ്പറ്റുന്നത് പതിവാക്കി. പ്രാർത്ഥന സംബന്ധിച്ച് മറ്റാരും അറിയരുതെന്ന നിർദ്ദേശവും അബ്ദുൽ ലത്തീഫിന് നൽകിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം തിരിച്ചുചോദിച്ചപ്പോൾ അട്ടപ്പാടിയിലും മറ്റും അബ്ദുൽ ലത്തീഫിന്റെ പേരിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!