ആയിരം ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി നശിപ്പിച്ചു
നിലമ്പൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലമ്പൂരിൽ നടത്തിയ പരിശോധനയിൽ വ്യാജ വെളിച്ചെണ്ണയുടെ വൻശേഖരം പിടികൂടി.
നിലമ്പൂർ വികെ റോഡിൽ പ്രവൃത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽനിന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണർ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ നിരോധിത വെളിച്ചെണ്ണ പിടികൂടിയത്.
റോയൽ കുക്ക് എന്ന പേരിൽ വിപണിയിൽ വിൽപ്പന നടത്തിവരികയായിരുന്ന വെളിച്ചെണ്ണയുടെ 500 മില്ലി, 200 മില്ലി, ഒരു ലിറ്റർ പാക്കറ്റുകളിലായി ഏകദേശം 1000 ലിറ്റർ വെളിച്ചെണ്ണയാണ് കണ്ടെടുത്തത്. ഭക്ഷ്യ സുരക്ഷാ കമീഷണറുടെ വിവിധ ഉത്തരവുകൾ പ്രകാരം സംസ്ഥാനത്ത് നൂറോളം ബ്രാൻഡുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നിരോധിച്ചിട്ടുണ്ട്. ഇത്തരം വെളിച്ചെണ്ണ വിൽക്കുന്നതും സൂക്ഷിക്കുന്നതും നിർമിക്കുന്നതും നിയമവിരുദ്ധമാണ്. അതിലുൾപ്പെട്ട റോയൽകുക്ക് ബ്രാൻഡാണ് കേന്ദ്രത്തിൽ കണ്ടെത്തിയത്. മേലാറ്റൂരിലാണ് ഉൽപാദനം. 250, 500 മില്ലിലീറ്ററിന്റെയും ഒരു ലീറ്ററിന്റെയും പായ്ക്കറ്റുകൾ ഹാർഡ്ബോർഡ് കെയ്സുകളിലാണ് സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ പിടികൂടിയത്. പിടികൂടിയ വെളിച്ചെണ്ണ മുഴുവൻ നശിപ്പിച്ചു. പരിശോധനക്ക് നിലമ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ എം ആർ ഗ്രേയ്‌സ്, വള്ളിക്കുന്ന് ഫുഡ് സേഫ്റ്റി ഓഫീസർ വി എസ് നീലിമ, തിരൂർ ഫുഡ് സേഫ്റ്റി ഓഫീസർ അബ്ദുൾ റഷീദ് എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here