കള്ളവോട്ട്: ഒരു വർഷം വരെ തടവ് ലഭിക്കും
മലപ്പുറം: മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുന്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കയോ ചെയ്യുന്നത് ജനപ്രാതിനിത്യനിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐപിസി 171 എഫ് അനുസരിച്ച് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിലും ശിക്ഷയിൽ നിന്ന് ഴെിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റർ ചെയ്യും. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നു ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.
വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയൽ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാൽ നൽകരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നൽകിയ ആൾക്കെതിരെയും നടപടിയുണ്ടാവും. യഥാർത്ഥ വോട്ടർ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ.
എതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ വേണ്ടി പണമോ പാരിതോഷികങ്ങളോ നൽകരുത്. ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യാൻ പാടില്ല. വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തിൽ തടസമുണ്ടാക്കുകയോ പോളിംഗ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘർഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാവും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here