പോലീസ് സ്റ്റേഷനിൽ എസ്.ഐക്ക് നേരെ കയ്യേറ്റം; വളാഞ്ചേരിയിൽ പിതാവും മകനും അറസ്റ്റിൽ
വളാഞ്ചേരി: ക്വാറി മാഫിയക്കെതിരെ നടപടിയെടുത്തതിന് പൊലീസ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കരേക്കാട് സി.കെ പാറ സ്വദേശി പൊൻമാകുഴിയിൽ ഉണ്ണികൃഷ്ണൻ (52), മകൻ നവീൻകൃഷ്ണൻ (23) എന്നിവരെയാണ് വളാഞ്ചേരി സി.ഐ. കെ.ജെ ജിനേഷ് അറസ്റ്റ് ചെയ്തത്. അനധികൃത ചെങ്കൽ ഖനനത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി വളാഞ്ചേരി പൊലീസ് പുറമണ്ണൂർ ഭാഗത്ത് നിന്നും മൂന്ന് ടിപ്പർ ലോറികൾ പിടികൂടിയിരുന്നു. ഇതിൽ പ്രകോപിതനായ ലോറി ഡ്രൈവർ ഉണ്ണികൃഷ്ണനും മകനും ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തി പൊലീസുകാർക്കെതിരെ അസഭ്യം പറയുകയും എസ്.ഐയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
അക്രമത്തിൽ എസ്.ഐയുടെ കൈയ്ക്ക് പരുക്കേറ്റു. പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ തുടങ്ങി അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ്സെടുത്തിയിരിക്കുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.ക്വാറി മാഫിയക്കു എതിരെ കഴിഞ്ഞ 6 ദിവസത്തിനുള്ളിൽ 21 വാഹനങ്ങൾ ആണ് വളാഞ്ചേരി പോലീസ് പിടികൂടിയിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിൽ അനധികൃത ക്വാറികൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here