സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി ‘വര‘യിലെ കുട്ടികൾ
വളാഞ്ചേരി: വളാഞ്ചേരിയുടെ ഇന്നത്തെ തലമുറയുടെ വായനാഭിരുചികൾ രാകിമിനുക്കിയെടുത്ത കളമായ സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി വിദ്യാർഥികൾ. ഇനി ബഷീറും എംടിയും ഒ.വി.വിജയനും ഒ.എൻ.വിയും പാത്തുമ്മയും ആടുമെല്ലാം വായനക്കാരെ സ്വീകരിക്കും. ലൈബ്രറിയിലേക്കുള്ള വഴിയിലെ ചുമരിൽ വര ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് പെയ്ന്റിങ്ങുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്.
ഗൗരവം വെടിയാത്ത ഭാവത്തിൽ എം.ടി, സ്വതസിദ്ധ ശൈലിയിൽ ചാരുകസേരയിൽ മഹാനായ ബഷീർ, തൊട്ടപ്പുറത്ത് കുഞ്ഞുണ്ണി മാഷ്, ഒ.വി വിജയൻ, ഒ.എൻ.വി, പാത്തുമ്മയും ആടും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ. എഴുത്തുകാരും കഥാപാത്രവും ഒരേ ചുമരിൽ കണ്ട് ആസ്വദിക്കാം. വായിച്ചു വളർന്നാൽ വിളയും എന്ന കുഞ്ഞുണ്ണി കവിതയെ ആസ്പദമാക്കിയുള്ള പെയ്ന്റിങ്ങ്, വായനയുടെ വസന്തം വിളിച്ചോതുന്ന വരകൾ, പുസ്തകങ്ങൾ, മരങ്ങൾ, മഹാൻമാരുടെ വചനങ്ങൾ എല്ലാം കൊണ്ടും വർണ്ണ സമ്പുഷ്ടമായിരിക്കുകയാണ് വഴിയിലെ ചുവരുകൾ.
ബസ്സ്റ്റാന്റിലെ കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുന്ന വഴി വൃത്തിഹീനമായി കിടക്കുകയായിരുന്നു. നഗരസഭ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടം പെയിന്റടിച്ച് വൃത്തിയാക്കി നൽകുകയും നഗരസഭയുടെ സഹകരണത്തോടെ വര സ്കൂളിലെ അധ്യാപകൻ സുരേഷ് മേച്ചേരിയുടെ മേൽനോട്ടത്തിൽ മുപ്പതോളം ചിത്രകലാ വിദ്യാർഥികൾ ചേർന്നാണ് വായനാശാലയിലേക്കുള്ള ചുമരുകളിൽ ചിത്രങ്ങളൊരുക്കിയത്.
മൂന്ന് ദിവസത്തെ പ്രയത്നം കൊണ്ടാണ് കുട്ടികൾ ചുമരുകളിൽ മനോഹരങ്ങളായ ചിത്രങ്ങളൊരുക്കിയതെന്ന് സുരേഷ് മേച്ചേരി വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. കൂടാതെ കാഴ്ചക്കാരുടെ ചിന്തകളെ ഉണർത്തുന്ന വാക്യങ്ങളും ഉദ്ധരണികളും വായനശാലയുടെ ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്. കരി, പെൻസിൽ, ജലഛായം തുടങ്ങിയവ ചിത്രരചനക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വളാഞ്ചേരി ബസ് സ്റ്റാന്റിന് സമീപമായി പ്രവർത്തിക്കുന്ന വര ചിത്രകലാ പാഠശാലയിൽ സംസ്ഥാന സർക്കാർ അംഗീകൃത രണ്ട് വർഷം ദൈർഘ്യമുള്ള കെ.ജി.സി.ഇ ഡിപ്ലോമ എന്ന കോഴ്സ് ആണ് നൽകി വരുന്നത്. പത്താം ക്ലാസ് ആണ് യോഗ്യത. 30 സീറ്റുകളാണ് ഇവിടെ ഉള്ളത്.
നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, കൗൺസിലർമാരായ റഹ്മത്ത് കെ.പി, ജ്യോതി വി തുടങ്ങിയവർ ലൈബ്രറിയിലെത്തി പെയ്ന്റിങ്ങുകൾ വിലയിരുത്തി കുട്ടികളെ അഭിനന്ദിച്ചു. വര ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൾ സുരേഷ് മേച്ചേരി, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ഫാത്തിമ സുഹറ.കെ എന്നിവർ നേത്യത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here