ചെല്ലൂർകുന്നിലെ മാലിന്യക്കൂമ്പാരത്തിന് വീണ്ടും തീപിടിച്ചു
കുറ്റിപ്പുറം : ചെല്ലൂർകുന്നിലെ ചെങ്കൽ ക്വാറിയിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിൽ വീണ്ടും തീ പിടിച്ചു. ശനിയാഴ്ച രാത്രിയോടെ മാലിന്യക്കൂമ്പാരത്തിൽനിന്ന് നേരിയ തോതിൽ കറുത്ത പുക ഉയർന്നതോടെ പരിസരവാസികൾ ഭയാശങ്കയിലായി. ഞായറാഴ്ച രാവിലെ പുകയുടെ ശക്തി വർധിച്ചു. വിവരമറിയിച്ചതിന് അനുസരിച്ച് തിരൂരിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി. മാലിന്യത്തിൽ പടർന്നുകൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാക്കിയതിനുശേഷം മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം മുഴുവൻ ഇളക്കി മറിച്ചു. അപ്പോഴും പലയിടങ്ങളിലായി തീ നേരിയ തോതിൽ കത്തുന്നുണ്ടായിരുന്നു.
ഇളക്കിമറിച്ച മാലിന്യക്കൂമ്പാരത്തിൽ ആശുപത്രി മാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ ടയറുകൾ, അപ്പ്‌ഹോൾസ്റ്ററി സാധനങ്ങൾ തുടങ്ങിയവയായിരുന്നു. മാലിന്യക്കൂമ്പാരത്തിൽ വെള്ളമൊഴിച്ച് അഗ്നിരക്ഷാസേന തീ അണച്ചു. വ്യാഴാഴ്ച ഉച്ചയോടേയാണ് ചെങ്കൽ ക്വാറിക്കുസമീപത്തെ കുറ്റിക്കാടുകളിൽ ആദ്യം തീപ്പിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് അസി.സ്റ്റേഷൻ ഓഫീർ പി.കെ. സന്തോഷ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഹംസക്കോയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച തീ അണച്ചത്. പഞ്ചായത്ത് വൈസ് പ്രസി. സിദ്ദിഖ് പരപ്പാര, പഞ്ചായത്തംഗങ്ങളായ സാബാ കരീം, റെമീന, നസീറ, സക്കീർ മൂടാൽ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here