വട്ടപ്പാറയിൽ പരിഭ്രാന്തി പരത്തി തീപിടിത്തം
വളാഞ്ചേരി: വട്ടപ്പാറയിൽ സി.ഐ ഓഫീസിനു എതിർവശത്തുള്ള പറമ്പിൽ കൂട്ടിയിട്ടിരുന്ന മൊബൈൽ കമ്പനിയുടെ പൈപ്പിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിരൂരിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ് ടേമുക്കാലോടെയായിരുന്നു സംഭവം. അടിക്കാടുകൾക്ക് തീപിടിച്ചപ്പോൾ മൊബൈൽ കമ്പനിയുടെ കൂട്ടിയിട്ട പൈപ്പുകളിലേക്ക് തീ പടരുകയായിരുന്നു. പൈപ്പ് പൂർണമായും കത്തിനശിച്ചു. തൊട്ടടുത്ത മരമില്ലിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തിരൂരിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ടു യുണിറ്റെത്തിയാണ് തീയണച്ചത്. നിർദിഷ്ട ഫയർ സ്റ്റേഷൻ ഭൂമിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്.
ഇവിടെ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇപ്പോൾ തീപിടിത്തമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള മരമില്ലിന് കഴിഞ്ഞ വർഷം തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും തീപിടിത്തവും മറ്റ് അപകടങ്ങളുമുണ്ടാകുമ്പോൾ തിരൂർ, പെരിന്തൽമണ്ണ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് എത്തുന്നത്. ഇവരെത്തുമ്പോഴേക്കും അപകടത്തിന്റെ തീവ്രത വർദ്ധിച്ചിട്ടുണ്ടാവും. വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here