പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച‌് തീപിടിത്തം. രണ്ടുമണിക്കൂറിനുശേഷമാണ‌് തീയണച്ചത‌്. ഒരാൾക്ക‌് പരിക്കേറ്റു. രോഗികളെയും കിടത്തിചികിത്സയിലുള്ളവരെയും സമീപ ആശുപത്രികളിലേക്ക‌് മാറ്റി. മൂന്നുകോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ജനറേറ്റർ റൂമിലെ ജീവനക്കാരൻ രാജേന്ദ്രനാ (51)ണ‌് പരിക്കേറ്റത‌്. ഇയാളെ പെരിന്തൽമണ്ണ കിംസ‌്അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം. ജനറേറ്ററിലെ ഡീസൽ പുറത്തേക്ക് പൊട്ടിയൊഴുകിയാണ് തീ പടർന്നത്. ജനറേറ്റർ സ്ഥാപിച്ച മുറികൾ പൂർണമായും കെട്ടിടം ഭാഗികമായും നശിച്ചു. പത്തുമിനിറ്റ് ഇടവിട്ട് രണ്ടുതവണ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുമുണ്ടായി. രോഗികളെ കിടത്തിയ ബ്ലോക്കിന്റെയും അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും ഭാഗത്താണ‌് ജനറേറ്റർ സ്ഥാപിച്ച കെട്ടിടം. പെരിന്തൽമണ്ണയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നുമായി എട്ട‌് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ട്രോമാകെയർ വളന്റിയർമാരും പൊലീസും ഏറെനേരം പണിപ്പെട്ടാണ് തീയണച്ചത‌്.
ഉഗ്രശബ്ദത്തോടെ ജനറേറ്റർ പൊട്ടിത്തെറിച്ചതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ജീവനക്കാരും രോഗികളും പരിഭ്രാന്തിയിലായി. മിനിറ്റുകൾകൊണ്ടാണ് ആശുപത്രിക്ക് പിൻഭാഗത്തായി സ്ഥാപിച്ച കെട്ടിടത്തിൽ ജനറേറ്ററിലും ഇലക്ട്രിക്പാനലിലും തീയുയർന്നത്. വാർഡുകളിൽ 500–-ഓളം രോഗികളാണ് ഇവിടെ കിടത്തിചികിത്സയിലുള്ളത‌്. ഫയർഫോഴ്സ് വാഹനങ്ങളും ആംബുലൻസുകളും ഇടതടവില്ലാതെ എത്തിയതോടെ അത്യാഹിത വിഭാഗത്തിലും ഒപിയിലുമുള്ളവർ പുറത്തേക്കിറങ്ങി. അവശരായികിടന്ന രോഗികളെ കിംസ് അൽശിഫാ ആശുപത്രിയിലേക്കും ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്കും മാറ്റി. ബഹുനില കെട്ടിടത്തിൽ മുകളിലെ നിലകളിൽ കഴിഞ്ഞ രോഗികൾ ഏറെനേരം ആശങ്കയിലായി. ആശുപത്രി കെട്ടിടത്തിനാണ് തീപിടിച്ചതെന്ന ധാരണയിൽ പലരും ബഹളംകൂട്ടി പുറത്തേക്കോടി. തീയണച്ചശേഷമാണ് രോഗികളിൽ വലിയൊരു വിഭാഗം തിരികെ കയറിയത്.
ജനറേറ്ററുകൾക്കും ഇലക്ട്രിക് പാനലുകൾക്കും സാരമായ കേട‌് സംഭവിച്ചതിനാൽ വാടകക്കെടുത്ത് വൈദ്യുതിയും വെള്ളവും ഒരുക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണെന്ന‌് അധികൃതർ പറഞ്ഞു. തീപടർന്ന വാർത്ത സമൂഹമാധ്യമങ്ങൾവഴി അറിഞ്ഞതോടെ ധാരാളംപേർ ആശുപത്രി പരിസരത്തെത്തിയത‌് രക്ഷാപ്രവർത്തനത്തിന‌് തടസ്സം സൃഷ്ടിച്ചു. ശനിയാഴ്ച പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പ്രചാരണ വാഹനം ആശുപത്രി മുറ്റത്തുനിർത്തിയിട്ട് അതിലൂടെ പൊലീസ് അനൗൺസ് ചെയ്താണ് ആളുകളെ നിയന്ത്രിച്ചത്. സംഭവമറിഞ്ഞ് മഞ്ഞളാംകുഴി അലി എംഎൽഎ, നഗരസഭാ ചെയർമാൻ എം മുഹമ്മദ്സലിം എന്നിവരടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here