കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്ര ഊട്ടുപുരയിൽ പാചകവാതകം ചോർന്ന് തീപടർന്നു; നാലുപേർക്ക് പൊള്ളലേറ്റു
കുറ്റിപ്പുറം: ക്ഷേത്ര ഊട്ടുപുരയിൽ പാചകവാതക സിലിൻഡറിൽനിന്ന് വാതകം ചോർന്ന് തീപടർന്നതിനെത്തുടർന്ന് നാലുപേർക്ക് പൊള്ളലേറ്റു. കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് അപകടം. കുറ്റിപ്പുറം സ്വദേശികളായ വിണ്ണൻചാത്ത് മണി, ഉണ്ണി, മണക്കുന്നത്ത് രാധാകൃഷ്ണൻ, പുറയത്ത് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഉണ്ണി, മണി എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ എറണാകുളത്തെ ആസ്പത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.
ക്ഷേത്രത്തിലെ അഖണ്ഡനാമജപ യജ്ഞമായിരുന്നു ശനിയാഴ്ച. നാമജപത്തിനെത്തുന്നവർക്കായി ഊട്ടുപുരയിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടറിൽനിന്ന് വാതകം ചോർന്ന് തീപടർന്നത്. പെട്ടെന്ന് തീ ആളിക്കത്തുകയാണുണ്ടായത്. ഈസമയം ഊട്ടുപുരയിലെ അടുക്കളയിൽ പാചകക്കാരനുൾപ്പെടെ നാലുപേർ മാത്രമാണുണ്ടായത്. നാലുപേരുടെയും ദേഹത്ത് തീ പടരുകയായിരുന്നു. ക്ഷേത്രത്തിലെ മറ്റുള്ളവർ ചേർന്ന് തീ അണച്ച് പൊള്ളലേറ്റവരെ ആദ്യം എടപ്പാളിലെയും പിന്നീട് തൃശ്ശൂരിലെയും ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here