എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായെന്ന‌് ഉടമ
എടരിക്കോട‌്: ദേശീയപാതക്കുസമീപം എടരിക്കോട‌് അങ്ങാടിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായതായി സ്ഥാപന ഉടമകളായ മുഹമ്മദ‌് ഹനീഫയും ഷിഹാബുദ്ദീനും പറഞ്ഞു. വസ്ത്രങ്ങളും ഫർണീച്ചറുകളും ഇന്റീരിയർ വർക്കുകളും എയർകണ്ടീഷണറുകളും പൂർണമായും കത്തിനശിച്ചതിലൂടെയാണ‌് ഭീമമായ നഷ്ടമുണ്ടായത‌്. ബുധനാഴ‌്ച വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.
ചൊവ്വാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് തിരൂർ–-മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടമായ ഹംസാസ‌് ഫാഷൻ സെന്റർ കത്തിനശിച്ചത‌്. മൂന്നാംനിലയിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായും ഒരുവശത്തെ ചുമർ പകുതിയും തകർന്നുവീണു. മൂന്നാംനിലയിലെ എസിയിലുണ്ടായ ഷോർട്ട‌് സർക്യൂട്ടാണ‌് തീപിടിത്തത്തിന് കാരണമെന്നാണ‌് പ്രാഥമിക നിഗമനം. തീപടർന്നതോടെ ജീവനക്കാർ ഇറങ്ങിയോടിയതിനാലാണ‌് വൻദുരന്തം ഒഴിവായത‌്. തീ ആളിപ്പടർന്നതോടെ നാട്ടുകാർ വൈദ്യുതിബന്ധം വിച്ഛേദിച്ചതും രക്ഷയായി. മലപ്പുറം, പെരിന്തൽമണ്ണ, വെള്ളിമാടുകുന്ന‌്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയെത്തിയാണ‌് തീയണച്ചത‌്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here