കുറ്റിപ്പുറം ചെല്ലൂരിൽ മാലിന്യ സംഭരണകേന്ദ്രത്തിൽ തീ; ദുരിതത്തിലായി പ്രദേശവാസികൾ
കുറ്റിപ്പുറം: അനധികൃത മാലിന്യ സംഭരണ കേന്ദ്രത്തിലെ അഗ്നിബാധയെത്തുടർന്നുണ്ടായ വിഷപ്പുകയിൽ ശ്വാസംമുട്ടി ചെല്ലൂർ നിവാസികൾ. കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ അത്താണിക്കൽക്കുന്നിലെ ചെങ്കൽ ക്വാറിയിലാണു അഗ്നിബാധയുണ്ടായത്. പുറമ്പോക്ക് ഭൂമിയിൽപ്പെട്ട പ്രദേശത്ത് ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വൻതോതിൽ തള്ളിയിരുന്നു. ഈ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ നേരിയതോതിൽ പടർന്ന തീ രാത്രിയോടെ വ്യാപിച്ചു. പ്രദേശത്ത് കറുത്ത പുകയും പ്ലാസ്റ്റിക് കത്തിയ ഗന്ധവും പടർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് ക്വാറിയിലേക്കു മണ്ണ് തള്ളിയെങ്കിലും തീ അണഞ്ഞില്ല.
പ്രദേശത്താകെ പുക നിറഞ്ഞതോടെ പ്രായമായവർക്കും മറ്റും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാവിലെ മലപ്പുറം, തിരൂർ അഗ്നിരക്ഷാ യൂണിറ്റുകളിൽ നിന്നെത്തിയ സംഘം ഏറെനേരം പ്രയത്നിച്ച ഉച്ചയോടെയാണ് തീയണച്ചത്. ചെല്ലൂരിലെ പാചകവാതക സംഭരണശാലയിൽ നിന്ന് 500 മീറ്റർ അകലെയാണ് അഗ്നിബാധയുണ്ടായത്.
വിജനമായ പ്രദേശത്തുള്ള ഈ ക്വാറിയിൽ രാത്രി വിവിധ ഭാഗങ്ങളിൽ നിന്നായി വാഹനങ്ങളിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. ക്വാറിയിൽ നിറയെ സിറിഞ്ചുകളും മറ്റു ആശുപത്രി മാലിന്യങ്ങളമാണുള്ളത്. ദേശീയപാതയോരത്തെ വിജന പ്രദേശമായതിനാൽ വാഹനങ്ങളിലെത്തി എളുപ്പത്തിൽ മാലിന്യം തള്ളാമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here