ഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടു; ഇനി കരിപ്പൂരിൽ
തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നടപടി തുടങ്ങിയതിനു പിന്നാലെ ദുബായ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബഡ്ജറ്റ് എയർലൈൻ, ഫ്ലൈ ദുബായ് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ അവസാനിപ്പിച്ചു. ശനിയാഴ്ച മുതൽ ഫ്ലൈ ദുബായിയുടെ സർവീസുകൾ കരിപ്പൂരിലേക്ക് മാറ്റുകയാണ്. വഴുതക്കാട്ടെ സിറ്റി ഓഫീസും എയർപോർട്ട് ഓഫീസും അടച്ചുപൂട്ടി ജീവനക്കാരെ കരിപ്പൂരിലേക്ക് മാറ്റും. 21ന് ശേഷമുള്ള ബുക്കിംഗുകൾ എമിറേറ്റ്സിന് കൈമാറാനാണ് തീരുമാനം. ഫ്ലൈ ദുബായിയുടെ തിരുവനന്തപുരത്തെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കാനാണ് ദുബായ് ഭരണകൂടത്തിന്റെ തീരുമാനം.
ദുബായിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് വീതം സർവീസുകളാണ് തിരുവനന്തപുരത്തു നിന്ന് ഉണ്ടായിരുന്നത്. ഇവയെല്ലാം കരിപ്പൂരിലേക്ക് മാറ്റുകയാണ്. തിരുവനന്തപുരത്തു നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ ഗൾഫിലേക്ക് പറക്കാനുള്ള സൗകര്യമാണ് ഇല്ലാതായത്. ദുബായിൽ നിന്ന് 90 നഗരങ്ങളിലേക്ക് ആഴ്ചയിൽ 1400 സർവീസുകളുണ്ട് ഫ്ലൈദുബായിക്ക്. ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും മദ്ധ്യേഷ്യൻ രാജ്യങ്ങളിലേക്കുമെല്ലാം ദുബായിൽ നിന്ന് ഫ്ലൈ ദുബായ് പറക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് ഈ നഗരങ്ങളിലേക്ക് ഫ്ലൈ ദുബായ് ബുക്കിംഗ് സ്വീകരിച്ചിരുന്നു. തിരുവനന്തപുരത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഈ സൗകര്യവും ഇല്ലാതായി. ഫ്ലൈ ദുബായിക്ക് പകരം വരുന്ന എമിറേറ്റ്സിന്റെ സേവനം മികച്ചതാണെങ്കിലും നിരക്ക് വളരെ കൂടുതലാണ്. സാധാരണക്കാരായ പ്രവാസികൾക്ക് ഇത് താങ്ങാനാവില്ല.
ഫെബ്രുവരി 28 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം, നടത്തിപ്പ്, മേൽനോട്ടം എന്നിവ സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. 50 വർഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നൽകും. അതോടെ വിമാന സർവീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും. വിദേശകമ്പനികൾക്ക് ഇന്ത്യൻ കമ്പനികളുമായി ചേർന്ന് കൺസോർഷ്യമുണ്ടാക്കി പാട്ടം ഏറ്റെടുക്കാമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലോകോത്തര സൗകര്യങ്ങൾ ഒരുക്കുമെന്നുമാണ് കേന്ദ്രനിലപാട്. സൗകര്യങ്ങളൊരുക്കുന്നതിന് യാത്രക്കാരിൽ നിന്ന് യൂസർഫീസ് വാങ്ങാം. രാജ്യാന്തര ടെർമിനലിലെ യൂസർഫീസ് 575 രൂപയിൽ നിന്ന് 950 രൂപയായി അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. ആഭ്യന്തര യാത്രക്കാർക്കും ഇതാദ്യമായി 450 രൂപ യൂസർഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം നാലു ശതമാനം വർദ്ധനയും അനുവദിച്ചിട്ടുണ്ട്. 2021ൽ രാജ്യാന്തര വിമാനത്താവളത്തിൽ 1069 രൂപയും ആഭ്യന്തര വിമാനത്താവളത്തിൽ 506 രൂപയുമാകും യൂസർഫീസ്. സ്വകാര്യവത്കരണം വരുന്നതോടെ വിമാനത്താവളത്തിലെ യൂസർഫീസ് കുത്തനെ ഉയരുമെന്ന് ആശങ്കയുണ്ട്. യൂസർഫീസ് കൂടിയാൽ കുറഞ്ഞ നിരക്കിലുള്ള സർവീസ് ഫ്ലൈദുബായിക്ക് അസാദ്ധ്യമായി മാറും. ട്രാഫിക് കൺട്രോൾ, വിമാന പാർക്കിംഗ്, ലാൻഡിംഗ് ഫീസ്, റൂട്ട് നാവിഗേഷൻ എന്നീയിനത്തിൽ നൽകേണ്ട തുകയും വർദ്ധിക്കാനിടയുണ്ട്. ഇതുകൂടി മുന്നിൽ കണ്ടാണ് ഫ്ലൈദുബായ് തിരുവനന്തപുരത്തെ സർവീസുകൾ ഉപേക്ഷിച്ചതെന്നാണ് സൂചന.
60 അറൈവൽ, 60 ഡിപ്പാർച്ചർ എന്നിങ്ങനെ 120 എയർമൂവ്മെന്റുകളാണ് നിത്യേന തിരുവനന്തപുരത്തുള്ളത്. 19 വിമാനക്കമ്പനികളാണ് ഇപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര സർവീസ് നടത്തുന്നത്. വിമാനസർവീസുകളുടെ എണ്ണം 29000ൽ നിന്ന് 34000 ആയി ഉയർന്നിട്ടുമുണ്ട്.
പാട്ടത്തിനു നൽകുന്നതോടെ സ്വകാര്യപങ്കാളിയുടെ സഹായത്തോടെ കൂടുതൽ വിമാനക്കമ്പനികളെ ഇവിടേക്ക് ആകർഷിക്കാമെന്നും യാത്രക്കാരുടെ എണ്ണം കൂടുമെന്നും അവർക്ക് ലോകോത്തര സൗകര്യങ്ങൾ സജ്ജമാക്കുമെന്നുമാണ് കേന്ദ്രസർക്കാർ വിശദീകരണം.ഇതിനിടെയാണ് ഫ്ലൈ ദുബായ് തിരുവനന്തപുരം വിട്ടത്. ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളം 363 കോടി വരുമാനവും 169 കോടി ലാഭവുമുണ്ടാക്കുന്നുണ്ട്. കരിപ്പൂരിൽ നിന്ന് പ്രതിദിന സർവീസുകളാവും ഫ്ലൈദുബായ് നടത്തുക.
എമിറേറ്റ്സുമായി കോഡ് ഷെയറിംഗ് ഉള്ളതിനാൽ ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എമിറേറ്റ്സിന്റെ രാജ്യാന്തര സേവന ശൃംഖല ഫ്ളൈ ദുബായിയുടെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാവുമായിരുന്നു. 58 ബോയിംഗ് –737 വിമാനങ്ങളുമായി 95 സ്ഥലങ്ങളിലേക്കാണു ഫ്ലൈ ദുബായ് സർവീസ് നടത്തുന്നത്. എമിറേറ്റ്സുമായി ചേർന്ന് 2022ഓടെ, 380 വിമാനങ്ങൾ വഴി 240 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താൻ ഫ്ലൈദുബായ് പദ്ധതിയിട്ടിരിക്കെയാണ് തിരുവനന്തപുരത്തു നിന്നുള്ള പിന്മാറ്റം.
സാധാരണക്കാരന്റെ വിമാനം
ഏറ്റവും ടിക്കറ്റ് നിരക്ക് കുറവുള്ള ഫ്ലൈ ദുബായ് സാധാരണക്കാർ തിരഞ്ഞെടുക്കുന്ന വിമാന സർവീസായിരുന്നു. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് 290 ദിർഹം (5,556 രൂപ) നിരക്കിൽ നവംബർ അവസാനം വരെ ടിക്കറ്റ് നൽകിയിരുന്നു. ബിസിനസ് ക്ലാസിലും 10 ശതമാനം ഇളവ് നൽകി. ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസ് അനുവദിച്ചാൽ ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കാമെന്ന് ഫ്ലൈ ദുബായ് വാഗ്ദാനം ചെയ്തിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here