എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ
കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് അനധികൃതമായി പുകയിലയുത്പന്നങ്ങളുടെ നിർമാണ യൂണിറ്റ് നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട തിരുനാവായ രാങ്ങാട്ടൂർ കരുവാംകാട്ടിൽ ഫൈസൽബാബു (32), മേലേതിൽ സുബൈർ (29), പാലേത്ത് ഇബ്രാഹിം എന്നിവരെയും കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി കൊടുമുണ്ട കുന്നത്ത് മുഹമ്മദിനെയുമാണ് (32) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ വ്യാഴാഴ്‌ച അറസ്റ്റുചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസയെ പിടികൂടാനുണ്ട്. രാങ്ങാട്ടൂർ സ്വദേശികളായ പ്രതികളെ രാങ്ങാട്ടൂരിലെ ഒരു ഫുട്ബോൾ മത്സര ഗ്രൗണ്ടിൽനിന്നും മുഹമ്മദിനെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്. ഒരാഴ്‌ച മുൻപാണ് പുകയിലയുത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചിരുന്ന എടച്ചലം കുന്നുംപുറത്തെ കരിങ്കൽക്വാറിക്കു സമീപത്തെ വീട് ഒരു സംഘം നാട്ടുകാർ വളയുന്നത്.
രാത്രിയിൽ ഒരു മിനിട്രക്കിൽ പുകയിലയുത്പന്നങ്ങൾ കയറ്റുന്നത് നാട്ടുകാരിൽ ചിലർ കണ്ടതോടെയാണ് മിനിട്രക്ക് നാട്ടുകാർ തടഞ്ഞത്. ഈസമയത്ത് ഇവിടെയുണ്ടായിരുന്നത് ഇപ്പോൾ അറസ്റ്റിലായ രാങ്ങാട്ടൂർ സ്വദേശികളായ മൂന്നുപേരാണ്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തുന്നതിനിടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പേരശ്ശനൂർ സ്വദേശിയിൽനിന്ന് ഒരുവർഷം മുൻപ് ഈ വീടും സ്ഥലവും വാങ്ങിയത് കൊടുമുണ്ട സ്വദേശി മുഹമ്മദാണ്. മുഹമ്മദും പിടികൂടാനുള്ള വല്ലപ്പുഴ സ്വദേശി ഹംസയും നേരത്തേ സമാനമായ കേസിൽ പ്രതികളാണ്. ഈ സംഘം പ്രധാനമായും ഇവിടെ നിർമിച്ചിരുന്നത് ഹാൻസ് കമ്പനിയുടെ വ്യാജ ഉത്പന്നങ്ങളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here