സന്തോഷ‌്ട്രോഫി: കിരീടം കാക്കാൻ ഇത്തവണ മലപ്പുറത്തിന്റെ നാല‌് ചുണക്കുട്ടികൾ
മലപ്പുറം
സന്തോഷ് ട്രോഫി ഫുട‌്ബോളിൽ കേരളത്തിന്റെ കിരീടം കാക്കാൻ ഇത്തവണ മലപ്പുറത്തിന്റെ നാല‌് ചുണക്കുട്ടികൾ. ഗോൾ കീപ്പറായി മുഹമ്മദ് അസ‌്ഹർ എത്തുമ്പോൾ പിന്തുണ നൽകാൻ മുഹമ്മദ് ഷെരീഫും എം സഫ‌്‌വാനും മുഹമ്മദ് സലാഹുദ്ദീനും പ്രതിരോധനിരയിൽ ചേരും. എറണാകുളത്ത‌് സംസ്ഥാന ക്യാമ്പിൽ പരിശീലനത്തിനിടെ ടീം സെലക്ഷൻ വാർത്ത അറിഞ്ഞ നാലുപേരും അത‌് ആഘോഷമാക്കി. കാൽപ്പന്തിലെ മലപ്പുറം പെരുമ കാക്കുമെന്നും ഏറെക്കാലത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വർഷം കൊൽക്കത്തയിൽ പൊരുതിനേടിയ കിരീടം നിലനിർത്തുമെന്നും അവർ പറഞ്ഞു.
മലപ്പുറത്തെ ഫുട‌്ബോളിന്റെ തറവാടായ അരീക്കോട് താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ് ഷെരീഫ‌് കെഎസ‌്ഇബിയുടെ അതിഥി താരമാണ‌്. എംഎസ‌്പി ടീമിനായി നാലുവർഷം കളിച്ച ഷെരീഫ‌് 2008ലെ സുബ്രതോ കപ്പിലും ഇറങ്ങി. കേരള സ‌്കുൾ ടീമിന്റെ ക്യാപ‌്റ്റനുമായി. ഫറൂഖ‌് കോളേജിൽ ബിഎ മലയാളം വിദ്യാർഥിയായിരിക്കെ 2014,15, 17 വർഷങ്ങളിൽ കലിക്കറ്റ‌് സർവകലാശാലക്കായി കളിച്ചു. 2017ൽ ടീം ക്യാപ‌്റ്റനായി. അരീക്കോട് എസ‌്ഒഎച്ച‌്സിലാണ‌് കളി തുടങ്ങിയത‌്. യാക്കി പറമ്പിൽ ജാഹിദിന്റെയും മറിയക്കുട്ടിയുടെയും മകനാണ‌്. ഷാഫി, അബ്ദുൽ ജലീൽ, ഹാരിസ‌് എന്നിവരാണ‌് സഹോദരങ്ങൾ.
ഗോകുലം എഫ‌്സിയുടെ കളിക്കാരനായ സഫ‌്‌വാൻ ആദ്യമായി സംസ്ഥാന ടീമിൽ എത്തിയതിന്റ ആഹ്ലാദത്തിലാണ‌്. കെപിഎല്ലിൽ കളിക്കുകയാണിപ്പോൾ. എംഎസ‌്പിയിൽ ആദ്യം കളിച്ചു. മങ്കട പള്ളിപ്പുറം വിലക്കപ്പുറം മേമന വീട്ടിൽ അബ്ദുൾകരീമിന്റെയും ഫാത്തിമയുടെയും മകനാണ‌്. മിഷൻ ഇന്ത്യ ക്യാമ്പിലെത്തിയത‌് വഴിത്തിരിവായി. മഞ്ചേരി എൻഎസ‌്എസ‌് കോളേജിൽ പഠനം. കലിക്കറ്റിനായി 2018ൽ ദേശീയ മത്സരം കളിച്ചു. പുണെയിലെ ലിവർപൂൾ ഇന്റർനാഷണൽ സ‌്കൂൾ ഫുട‌്ബോൾ അക്കാദമിയിൽ പരിശീലനം നേടി. താഹിറ, റോസ‌്മ, ജസീന, സഫൽ എന്നിവർ സഹോദരങ്ങൾ.
ഈജിപ‌്തിന്റെ സ‌്റ്റാർ സ‌്ട്രൈക്കർ മുഹമ്മദ‌് സലായുടെ പേരിനോട് സാമ്യമുള്ളതിനാൽ സലാ എന്ന ചുരുക്കപ്പേരിലാണ് കൂട്ടുകാർ സലാവുദ്ദീനെ വിളിക്കുന്നത‌്. കുറ്റിപ്പാല ഗാർഡൻ വാലി സ‌്കൂളിലാണ് പഠനം. സാറ്റ് തിരൂരിനായി കളിക്കുന്നു. മീനടത്തൂർ രായിയിൽ മൂസയുടെയും സെഫിയയുടെയും മകനാണ‌്. ഫർസീന, ഫഹ‌്മിത, സഫീല എന്നിവർ സഹോദരിമാർ. പുണെയിലെ ഡിഎസ‌്കെ, മണിപ്പൂരിലെ സബൂൽബദ‌് ക്ലബ്ബുകളിലും കളിച്ചു.
പെരിന്തൽമണ്ണ പതായിക്കര കരുണാകരത്ത് അഷറഫിന്റെയും സലീനയുടെയും മകനാണ‌് മുഹമ്മദ് അസ‌്ഹർ. തൂത സ‌്കൂളിലായിരുന്നു തുടക്കം. മഞ്ചേരി എൻഎസിഎസിലെ ബികോം വിദ്യാർഥിയാണ‌്. കലിക്കറ്റ‌് ടീമിനായി ദേശീയ മത്സരം കളിച്ചു. ഗോകുലം എഫ‌്സിയിൽ കളിക്കുന്നു. അൻഷിഫ‌്, അസ‌്ന എന്നിവർ സഹോദരങ്ങളാണ‌്.
ഇവരെകൂടാതെ കോട്ടയത്തുനിന്ന‌് കേരളാ ടീമിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ട ഗിഫ‌്റ്റി സി ഗ്രേഷ്യസ‌് മലപ്പുറം എംഎസ‌്പി ടീമിലുണ്ടായിരുന്നു.
തമിഴ‌്നാട്ടിലെ നെയ‌് വേലിയിൽ നാലുമുതലാണ‌് ദക്ഷിണ മേഖലാ മത്സരങ്ങൾ. കരുത്തരായ സർവീസസ‌്, പോണ്ടിച്ചേരി, തെലങ്കാന ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ‌് കേരളം. നാലിന‌് തെലങ്കാനയുമായാണ‌് ആദ്യ മത്സരം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here