യുഡിഎഫിനെ തുണച്ച് കേരളം; നാല് കാരണങ്ങൾ
കേരളം ഇപ്പോള്‍ ഒന്നടങ്കം യുഡിഎഫിനെ തുണയ്ക്കുമ്പോള്‍ അതിന്റെ മുഖ്യ കാരണങ്ങള്‍ നാലാണ്. ശബരിമല പ്രശ്നത്തില്‍ സിപിഎമ്മിന്റെ വോട്ട് ബാങ്കിലുണ്ടുായ വിള്ളല്‍, മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിനനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, പ്രളയം, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്നീ ഘടകങ്ങളാണ് ഇടതുപക്ഷത്തിന്റെ ഈ വന്‍വീഴ്ചയ്ക്ക് പിന്നില്‍.
പാലക്കാട് എം ബി രാജേഷിനെതിരെ കോണ്‍ഗ്രസ്സിന്റെ വി കെ ശ്രികണ്ഠന്‍ നടത്തിയ വന്‍മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. വടകരയില്‍ പി ജയരാജന്‍ പിന്നിലായതുപോലും പാലക്കാട്ടെ അട്ടിമറിക്ക് മുന്നില്‍ ഒന്നുമല്ല. ഏതുറക്കത്തിലും സഖാവ് കോടിയേരിയോട് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പിച്ചു പറയുമായിരുന്ന സീറ്റായിരുന്നു പാലക്കാട്. അവിടെ ശ്രികണ്ഠന്‍ രാജേഷിന് ഒത്തൊരു എതിരാളിയല്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും കരുതിയിരുന്നു. പാലക്കാട്ട് രാജേഷ് വീണതോടെ യുഡിഎഫ് തരംഗം പകല്‍ പോലെ വ്യക്തമാവുകയായിരുന്നു.
വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷത്തിന് തുടക്കത്തില്‍ പ്രതീക്ഷകളേറെയായിരുന്നു. പൊതുവെ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എന്തു വിലകൊടുത്തും യു ഡിഎഫിനെ നേരിടണമെന്ന പിണറായിയുടെ നിലപാടാണ് നാല് സിപിഎം എല്‍ എ മാരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഫലിച്ചത്. വടകരയില്‍ ജയരാജന് എതിരെ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ത്ഥികളില്ല എന്നൊരു നിലവരെ ആദ്യമുണ്ടായി. പക്ഷേ, കോണ്‍ഗ്രസ് ഇടതുപക്ഷത്തെ ഞെട്ടിച്ചു. വടകരയില്‍ മുരളീധരന്‍ വന്നു. ആറ്റിങ്ങലിൽ അടൂര്‍ പ്രകാശ് കളത്തിലിറങ്ങി. എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡന്‍ , കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ , കണ്ണൂരില്‍ കെ സുധാകരന്‍ – കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികള്‍ എണ്ണം പറഞ്ഞവരായിരുന്നു.
ഇനിയിപ്പോള്‍ ഇടതുപക്ഷത്തിന് തീര്‍ച്ചയായും കാര്യമായ ആത്മപരിശോധന നടത്തേണ്ടി വരും. ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് കാര്യമായ വിമര്‍ശം സിപിഎമ്മില്‍ നിന്നു തന്നെയുണ്ടാവും. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാദ്ധ്യതയും കടമയുമുള്ളപ്പോള്‍ തന്നെ അതിന് സ്വീകരിച്ച വഴികളെച്ചൊല്ലിയായിരിക്കും പിണറായി വിജയന്‍ വിചാരണ ചെയ്യപ്പെടുക. പ്രളയം കൈകാര്യം ചെയ്ത രീതിയേക്കാള്‍ പ്രളയത്തിന് കാരണമായത് അണക്കെട്ടുകള്‍ യഥാസമയം തുറന്നുവിടാത്തതുകൊണ്ടാണെന്ന ശക്തമായ വികാരം ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഡാം മാനേജ്മെന്റിലുണ്ടണായ വീഴ്ചയാണ് പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും ഇടതുപക്ഷ സര്‍ക്കാരിന് വിനയായി.
ഏറെ പാടുപെട്ടിട്ടും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവാതെ പോയത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കുമ്മനം തിരുവനന്തപുരത്ത് നിന്ന് കരകയറുമെന്ന് ബിജെപി ശരിക്കും പ്രതീക്ഷിച്ചിരുന്നു. ശബരിമല പ്രശ്നത്തിലുണ്ടാക്കാനായ ധ്രുവീകരണത്തിനും കേരളത്തില്‍ ബിജെപിയെ രക്ഷിച്ചെടുക്കാനായില്ല എന്നതിന് ശ്രീധരന്‍പിള്ള ബിജെപി നേതൃത്വത്തോട് കണക്കുപറയേണ്ടി വരും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here