HomeNewsInitiativesഅശരണർക്കായി ഡോക്ടർമാരുടെ സൗജന്യ ദന്തചികിത്സാകേന്ദ്രം

അശരണർക്കായി ഡോക്ടർമാരുടെ സൗജന്യ ദന്തചികിത്സാകേന്ദ്രം

അശരണർക്കായി ഡോക്ടർമാരുടെ സൗജന്യ ദന്തചികിത്സാകേന്ദ്രം

കുറ്റിപ്പുറം: ചികിത്സാരംഗത്ത് കച്ചവടതാത്‌പര്യം കടന്നുകൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡോക്ടർമാർക്കിടയിൽനിന്നും ഇതാ ഒരു നല്ലവാർത്ത. അശരണരുടെ ദന്തചികിത്സയ്ക്കായി സൗജന്യമായി ക്ലിനിക്ക് ഒരുക്കിയിരിക്കുകയാണ് ഒരുകൂട്ടം ഡോക്ടർമാർ. ഇന്ത്യൻ ഡെന്റൽ അസോസിയേഷ(ഐ.ഡി.എ.)ന്റെ മലപ്പുറംശാഖയുടെ വകയാണ് ഈ നല്ലകാര്യം.  അശരണർക്കായി സാമൂഹികനീതി വകുപ്പിനുകീഴിൽ മലപ്പുറം തവനൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ദന്തചികിത്സയ്ക്കായാണ് ക്ലിനിക്ക് ആരംഭിക്കുന്നത്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള സംഘടനയുടെ സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിലൂടെയാണ് തവനൂരിൽ ക്ലിനിക്കിന് വഴിയൊരുങ്ങിയത്.

ഐ.ഡി.എയുടെ മലപ്പുറംജില്ലാ പ്രസിഡന്റ് ഡോ. എം.ജെ. സുജിത്, സെക്രട്ടറി ഡോ. കെ.ടി. മുഹമ്മദ് ഹാരിസ് തുടങ്ങിയവരാണ് ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.  മാനസികാരോഗ്യമില്ലാത്തവരെ താമസിപ്പിച്ചിരിക്കുന്ന പ്രതീക്ഷാഭവൻ, വനിതകളെ താമസിപ്പിച്ചിരിക്കുന്ന മഹിളാമന്ദിരം, റെസ്‌ക്യുഹോം, കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ബാലസദനം, വയോധികർ കഴിയുന്ന വൃദ്ധസദനം എന്നിങ്ങനെ അഞ്ചു സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.  അന്തേവാസികൾക്ക് ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഡോക്ടർമാർ മാസത്തിലൊരിക്കൽ ഇവിടെയെത്തി പരിശോധിക്കാറുണ്ടെങ്കിലും ദന്തവിഭാഗത്തിനായി പ്രത്യേക പരിശോധന നടക്കാറില്ല. ഐ.ഡി.എയുടെ ഡോക്ടർമാർ ഇവിടെയെത്തി പരിശോധിക്കാറുണ്ടെങ്കിലും തുടർചികിത്സയ്ക്കായി പുറത്തുള്ള ക്ലിനിക്കുകളിലേക്കെത്തിക്കേണ്ടതായിട്ടുണ്ട്.

ഇതു ജീവനക്കാർക്കും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് സ്ഥാപനത്തിനകത്ത് ഒരു ക്ലിനിക്ക് സജ്ജമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. വൃദ്ധസദനത്തിലെ ഒരു മുറിയിലാണ് ചികിത്സാകേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നേകാൽലക്ഷം രൂപ ചെലവിട്ടാണ് ക്ലിനിക്കിലേക്കാവശ്യമായ സാമഗ്രികൾ വാങ്ങിയത്. ഐ.ഡി.എ.യുടെ കമ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുക. രണ്ടാഴ്ചകൂടുമ്പോൾ ഡോക്ടർമാർ ക്ലിനിക്കിലെത്തി രോഗികളെ പരിശോധിച്ച് ചികിത്സ ലഭ്യമാക്കും. ആവശ്യമായ മരുന്നും സൗജന്യമായി നൽകും. ഒരു മാസത്തേക്കുള്ള മരുന്ന് ഇവിടെ സൂക്ഷിക്കും. വൃദ്ധസദനത്തിൽ സജ്ജീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം 18ന് രാവിലെ 11ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും.

Summary: An initiative by the Malappuram chapter of Indian Dental Association (IDA) set an center to treat the inmates of the government care homes in Tavanur.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!