കുറ്റിപ്പുറം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ്–ലീഗ് പോര്
കുറ്റിപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കുറ്റിപ്പുറത്ത്
കോൺഗ്രസ്– മുസ്‌ലിം ലീഗ് അസ്വാരസ്യം. അഞ്ചു സീറ്റുകളുള്ള പാർട്ടിക്ക് രണ്ടു വർഷമെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തി. എന്നാൽ നിലവിൽ ഒൻപതു സീറ്റുകൾ ഉള്ളതിനാൽ പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാൻ തയാറല്ലെന്ന നിലപാടിലാണ് ലീഗ്. മുന്നണിയിലെ വിഭാഗീയതയെ തുടർന്ന് കോൺഗ്രസ് നേതൃത്വം യുഡിഎഫ് മണ്ഡലം, ജില്ലാ കമ്മിറ്റികൾക്ക് പരാതി നൽകി.
നേരത്തേയുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുസ്‌ലിം ലീഗിലെ മുൻധാരണ പ്രകാരം കഴിഞ്ഞ ദിവസം രാജിവച്ചൊഴിഞ്ഞിരുന്നു. ലീഗിലെ ചേരിതിരിവിനെ തുടർന്നായിരുന്നു വനിതാ പ്രസിഡന്റ് സ്ഥാനത്തിന് കാലാവധി നിശ്ചിയിച്ചിരുന്നത്. രണ്ടു വർഷത്തിനു ശേഷം വസീമ സ്ഥാനമൊഴിയണമെന്നും ആറാം വാർഡ് അംഗം ടി.സി.ഷമീലയെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്നുമായിരുന്നു ധാരണ. ഇതിനിടയിലാണ് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുള്ളത്. പഴയകാല ഭരണസമിതികളിൽ കോൺഗ്രസും ലീഗും മാറിമാറിയാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നതെന്നും എന്നാൽ കഴിഞ്ഞ രണ്ടു ഭരണസമിതികളിലും കോൺഗ്രസിന് പ്രാതിനിധ്യം ലഭിച്ചില്ലെന്നുമാണ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തുന്നത്.
രണ്ടുവർഷം ലീഗ് പ്രസിഡന്റ് സ്ഥാനം വഹിച്ചതിനാൽ അടുത്ത രണ്ടുവർഷം കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കണമെന്ന കർശന നിലപാടിലാണ് പാർട്ടി പ്രാദേശിക നേതൃത്വം. എന്നാൽ കൂടുതൽ സീറ്റുകൾ ഉള്ളതിനാൽ തങ്ങൾക്കുതന്നെ പ്രസിഡന്റ് സ്ഥാനം വേണമെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്. നിലവിൽ കോൺഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനമെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. 23 സീറ്റുകളുള്ള പഞ്ചായത്തിൽ ശേഷിക്കുന്ന എട്ടു സീറ്റുകൾ സിപിഎമ്മിനും ഒന്ന് ബിജെപിക്കുമാണ്. ലീഗ് വഴങ്ങിയില്ലെങ്കിൽ കോൺഗ്രസ് സിപിഎമ്മുമായി ലയനം നടത്തുന്നതിനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ സൂചന നൽകുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here