തോട് നികത്തി റോഡ് വെട്ടി; ഇനി വൈകിയാൽ ഈ പാടവും നശിക്കും. ആശങ്കയോടെ വെണ്ടല്ലൂർ നിവാസികൾ
വളാഞ്ചേരി: ഒരു വയലേലകൂടി അധികാരികളുടെ അറിവോടെ ഇല്ലാതാകുന്നു. ഗൈൽ പൈപ്പിനായി വളാഞ്ചേരി മുതൽ മങ്കേരി വരെ വയലുകൾ മുറിച്ചുകീറി. കൊട്ടാരം വഴി ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ – മങ്കേരി വഴി കൂടല്ലൂർ പുഴയിലേക്കൊഴുകുന്ന തോടിന്റെ വെണ്ടല്ലൂർ ഇല്ലത്തപ്പടി ഭാഗത്തെ തോട് ഗൈൽ അധികൃതർ തോട് ഇടിച്ചു നിരത്തി റോഡാക്കിയിരിക്കുകയാണ്.ഇരു കരയേയും ബന്ധിപ്പിച്ചു കഴിയുന്ന തോട് റോഡാക്കിയതോടെ ഈ മഴക്കാലവെള്ളമെല്ലാം പുഴയിലേക്കൊഴുകുന്നതിനു പകരം വെണ്ടല്ലൂർ: മങ്കേരി പാടശേഖരം മുഴുവൻ ഒരു വർഷത്തോടെ കരഭൂമിയായി മാറും.കൂടാതെ കൊട്ടാരം പാങ്ങാട് ചിറയിലെ മാലിന്യമെല്ലാം ഈ പാടശേഖരത്തിലെത്തുന്നതോടെ പകർച്ചവ്യാധിക്ക് വരെ ഈ പ്രദേശം കാരണമാകും: കൂടാതെ പ്രകൃതിജീവികളുടെ ചത്തൊടുങ്ങലോടെ പ്രകൃതിയിലെ ആവാസ യോഗ്യതയും നഷ്ടപ്പെടും.
അധികാരികളുടെ ഒത്താശയോടെ പാടം തൂർക്കലെന്ന വിരോധാഭാസം. കൂടാതെ കൊട്ടാരം ഭാഗത്തെ തോട് മുറിക്കലോടെ ഈ വർഷക്കാലമായാൽ MES കോളേജടക്കമുള്ള നിരവധി സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും ഉൾപ്പെടുന്ന കരിങ്കല്ലത്താണി റോഡ ടക്കം നിറഞ്ഞു കവിഞ്ഞ് വൻ നാശത്തിനും കാരണമായേക്കാം. സ്കൂൾ തുറക്കാറായിട്ടും വർഷക്കാലമടുത്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും തോട് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങളിൽ അമാന്തത തുടരുകയാണ്. വാർഡ് ജനപ്രതിനിധികൾ പ്രസ്തുത ഭാഗങ്ങൾ സന്ദർശിച്ച് കർഷകരുടേയും മറ്റു പൊതുജനങ്ങളുടേയും ആശങ്കകൾ അകറ്റുന്നതിനാവശ്യമായി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടൻ പ്രശ്ന പരിഹാരം കാണണം; കർഷക കോൺഗ്രസ്
പ്രസ്തുത പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് വെണ്ടല്ലൂർ കർഷക കോൺഗ്രസ് കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, ഇരിമ്പിളിയം കൃഷിഭവൻ ഓഫീസർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. കർഷക കോൺഗ്രസ് നേതാക്കളായ എം.സേതുമാധവൻ നായർ, ഐ.പി കുഞാനു, കെ.പി വേലായുധൻ, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാവ കാളിയത്ത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here