കഞ്ചാവ് വിൽപ്പനക്കാരൻ കടലിൽ ചാടി; പിന്നാലെ ചാടി എക്സൈസുകാർ
അരിയല്ലൂർ: ബീച്ചിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ പരപ്പനങ്ങാടി റെയ്ഞ്ച് എക്സൈസിന്റെ പിടിയിലായ യുവാവ് കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലുംപിന്നാലെ ചാടിയ എക്സൈസ് സംഘം പ്രതിയെ സാഹസികമായി കീഴടക്കി. വൈശ്യക്കാരന്റെ പുരക്കൽ നൗഷാദാണ് കടലിൽ ചാടിയത്. പിന്നാലെ ചാടിയ എക്സൈസുകാർ നാട്ടുകാരുടെ സഹായത്തോടെ യാണ് പ്രതിയെ പിടികൂടിയത്.
രാത്രി ഒമ്പതിന് പ്രതിയുടെ വീടിന്റെ പരിസരത്ത് ഇരുട്ടിൽ മറഞ്ഞിരുന്ന എക്സൈസുകാർ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. എക്സൈസുകാർ കഞ്ചാവ് പരിശോധിക്കുന്നതിനിടെ കടൽഭിത്തി ചാടിക്കടന്ന് കടലിലേക്ക് ചാടി ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന എക്സൈസുകാർ പുതിയ പാലത്തിന് സമീപം വച്ച് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
പ്രതി നൗഷാദിനും പ്രിവന്റീവ് ഓഫീസർ ബിജു, സിവിൽ എക്സൈസ് ഓഫീസർ നിതിൻ ചോമാരി എന്നിവർക്കും കടൽഭിത്തിക്കിടയിൽ വീണും തിരയിൽ പെട്ടും പരിക്കേറ്റു. പരിക്ക് അത്ര സാരമുള്ളതല്ല. പരിക്കേറ്റവരെ രാത്രി തന്നെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയരാക്കി. പ്രതിയിൽ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്ക് ജാമ്യം അനുവദിച്ചു.എക്സൈസ് പാർട്ടിയിൽ ഇവരെ കൂടാതെ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ വി.കെ. സൂരജും ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here