കുറ്റിപ്പുറത്ത് പാചകവാതക ടാങ്കർ മറിഞ്ഞു
കുറ്റിപ്പുറം: ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിനു സമീപം പാചകവാതക ടാങ്കർലോറി മറിഞ്ഞു. വാതകം ചോരാത്തത് അപകടമൊഴിവാക്കി. കോഴിക്കോട്-തൃശ്ശൂർ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം. മംഗലാപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന ടാങ്കർലോറിയാണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ മേൽപ്പാലത്തിനും ഹൈവേ ജങ്ഷനുമിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വലതുവശത്തെ കെ.എസ്.ഇ.ബി. ഓഫീസിനുമുന്നിലായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമല്ല. മറ്റൊരു വാഹനത്തിൽ ഇടിച്ചതിനുശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞതെന്നും പറയുന്നുണ്ട്.
ലോറിയുടെ എൻജിൻ ഉൾപ്പെടുന്ന കാബിൻ കൈവരിയിൽത്തട്ടി തൂങ്ങിനിൽക്കുന്നനിലയിലും വാതകസംഭരണി വേർപെട്ടനിലയിലുമാണ്. ചക്രങ്ങൾ ഊരിത്തെറിച്ചുപോയി. വാതകം ചോർന്നതായി ആദ്യം സംശയിച്ചിരുന്നു. ഇതേത്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പോലീസ് സ്റ്റേഷനടുത്തും കോഴിക്കോട് ഭാഗത്തേക്കുള്ളവ മിനിപമ്പയിലും തടഞ്ഞിട്ടു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിസേനയെത്തിയാണ് വാതകച്ചോർച്ചയില്ലെന്ന് കണ്ടെത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ വിദഗ്ധരെത്തി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മുൻകരുതലായി ഏതാനും വീട്ടുകാരെ ഒഴിപ്പിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here