തിങ്കളാഴ്ച മുതൽ നാലു ട്രെയിനുകളിൽ ജനറൽ കോച്ച് യാത്ര
തിരുവനന്തപുരം: കൊവിഡിൽ നിറുത്തിയ ജനറൽ കോച്ച് യാത്രകൾ നാലു ട്രെയിനുകളിൽ തിങ്കളാഴ്ച പുനഃരാരംഭിക്കും. കൊല്ലം – എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു, കണ്ണൂർ – മംഗലാപുരം,മംഗലാപുരം – കണ്ണൂർ പാസഞ്ചർ ട്രെയിനുകളുമാണ് ജനറൽ കോച്ചുകളുമായി സർവീസ് തുടങ്ങുന്നത്. ഇൗ ട്രെയിനുകളിൽ സീസൺടിക്കറ്റ്, കൗണ്ടർ ടിക്കറ്റ് യാത്രകളും അനുവദിക്കും. മേയിലാണ് ജനറൽ കോച്ച് യാത്ര നിറുത്തിയത്.മറ്റ് പാസഞ്ചർ ട്രെയിനുകളും ഉടൻ പുനഃരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ എല്ലാ ട്രെയിനുകളിലും റിസർവേഷൻ യാത്രകൾ മാത്രമാണുള്ളത്. അധിക ചാർജ്ജ് വാങ്ങി സ്പെഷ്യൽ സർവീസാണ് നടത്തുന്നത്. ദേശീയതലത്തിൽ സർവീസുകളിലെ ഇളവുകൾ വർദ്ധിപ്പിക്കാനും റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം തുടരുന്ന കേരളത്തിൽ എത്ര പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും പുനഃരാരംഭിക്കണം എന്നതു സംബന്ധിച്ച റിപ്പോർട്ട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ആലോചിച്ച് റിസർവേഷനില്ലാത്ത ട്രെയിനുകളിൽ യാത്രാസൗകര്യം വിപുലമാക്കും. കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ എതിർപ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here