മലബാറിലെ യാത്രക്കാർക്ക് റെയിൽവെ വക 8ന്റെ പണി: ജനറൽ കമ്പാർട്ട്മെന്റുകൾ വെട്ടികുറച്ചു
കുറ്റിപ്പുറം: മലബാറിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ഏക പ്രതിദിന ട്രെയിനായ കണ്ണൂർ–യശ്വന്ത്പുർ എക്സ്പ്രസിന്റെ രണ്ടു ജനറൽ കംപാർട്മെന്റുകൾ അപ്രത്യക്ഷമായി. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങളും അവധിക്കാലവും അടുത്ത സമയത്ത് യശ്വന്ത്പുരിൽനിന്നു കണ്ണൂരിലേക്കുള്ള ട്രെയിനിന്റെ ജനറൽ കംപാർട്മെന്റുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. നേരത്തേ ട്രെയിനിന്റെ മുൻപിലും പിന്നിലുമായി നാലു ജനറൽ കംപാർട്മെന്റുകളാണ് ഉണ്ടായിരുന്നത്.
എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ രണ്ടു ജനറൽ കംപാർട്മെന്റുകളുമായാണ് ട്രെയിൻ യാത്ര തുടർന്നത്. കൂടാതെ രാത്രി കണ്ണൂരിൽനിന്ന് യശ്വന്ത്പുരിലേക്ക് പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്ന നാല് ജനറൽ കംപാർട്മെന്റുകൾ മൂന്നാക്കിയും ചുരുക്കിയിട്ടുണ്ട്. ഇതിൽ ഒരെണ്ണം വനിതാ കംപാർട്മെന്റാക്കി മാറ്റിയതിനാൽ ജനറൽ യാത്രക്കാർക്ക് ഫലത്തിൽ രണ്ട് കംപാർട്മെന്റുകൾ മാത്രമാണുള്ളത്. ഇതുമൂലം കാലുകുത്താൻപോലും ഇടമില്ലാതെ വാതിലിലും ചവിട്ടുപടിയിലും തൂങ്ങിയുമാണ് ട്രെയിനിലെ യാത്ര.
ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് നിലവിലുള്ള ട്രെയിനിലെ കംപാർട്മെന്റുകൾ വെട്ടിക്കുറച്ച് റെയിൽവേ യാത്രക്കാരോട് അവഗണന തുടരുന്നത്. നിലവിൽ ബെംഗളൂരുവിലേക്ക് ഒട്ടേറെ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉയർന്ന തുക നൽകിയാലും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.
വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് കണ്ണൂർ–യശ്വന്ത്പുർ ട്രെയിനിനെ ആശ്രയിക്കുന്നത്. മാസങ്ങൾക്കു മുൻപുതന്നെ റിസർവേഷൻ പൂർത്തിയായിരുന്നതിനാൽ ജനറൽ കംപാർട്മെന്റുകളായിരുന്നു ആശ്രയം. ജില്ലയിൽ തിരൂരിലും കുറ്റിപ്പുറത്തുമാണ് ഈ ട്രെയിനിനു സ്റ്റോപ്പുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here