സഹപാഠിക്ക് വീട് വയ്ക്കാൻ സ്വർണമാല ഊരി നൽകി പ്ലസ് വൺ വിദ്യാർഥിനിയുടെ ‘സ്നേഹപാഠം’
കൊളത്തൂർ: സഹപാഠിക്ക് വീട് വയ്ക്കാൻ സ്വർണമാല ഊരി നൽകി പ്ലസ് വൺ വിദ്യാർഥിനി. കൊളത്തൂർ നാഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ സഹപാഠിയായ അരുൺ പ്രകാശിന് നിർമിക്കുന്ന വീടിന്റെ ധനസമാഹരണത്തിനാണ് ഇതേ സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായ ഹൈറുൻ ഹിബ സ്വന്തം മാല ഊരി നല്‍കിയത്. സമ്മാന കൂപ്പണ്‍, സംഭാവനകളിലൂടെയാണ് നിർധന കുടുംബത്തിന് വീട് നിർമാണത്തിനുള്ള തുക കണ്ടെത്തുന്നത്. അരുൺ പ്രകാശിന്റെ അച്ഛന്‍ അഞ്ച് വർഷമായി രോഗബാധിതനായി കിടപ്പിലാണ്. രോഗബാധിതയായ അമ്മ കൊളത്തൂർ മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയും. അനിയൻ പത്താം ക്ലാസ് വിദ്യാർഥിയുമാണ്.
സുരക്ഷിതമായ വീടും ഇവര്‍ക്കില്ലാത്തതിനാലാണ് സഹപാഠികള്‍ വീടുനിര്‍മാണത്തിന് മുന്നിട്ടിറങ്ങിയത്. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫയുടെയും രാമപുരം വിളക്കത്തിൽ ഹസീനയുടെയും മകളാണ് ഹൈറുൻ ഹിബ. സ്കൂളിൽ നടന്ന ചടങ്ങിൽ സഹപാഠികളും അധ്യാപകരും ഹിബയെ അനുമോദിച്ചു. അരുൺ പ്രകാശിന്റെ വീടിനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതോടൊപ്പം ഒൻപതാം ക്ലാസിൽ പഠിക്കുന്ന കൂമുള്ളിക്കളം ആദിത്യന്റെ കുടുംബത്തിനുള്ള വീടുനിർമാണവും പുരോഗമിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here