ചുരിദാറിന്റെ കൈ കീറി അവള്‍ പറഞ്ഞു,“എന്റെ രക്തമെടുത്തോളൂ“: നദയുടെ സന്മനസിനെ വാഴ്ത്തി സോഷ്യൽ മീഡിയ
രക്തദാനത്തിന് ചുരിദാറിന്റെ കൈ തടസ്സമായപ്പോള്‍ ചുരാദാര്‍ കൈ മുറിച്ച് രക്തദാനത്തിന് തയ്യാറായ നദയുടെ സന്മനസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. വളാഞ്ചേരി പൂക്കാട്ടിരി സഫ കോളേജില്‍ ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) യുടെ നേതൃത്വത്തില്‍ നടത്തിയ രക്തദാനത്തിലാണ് സ്വന്തം ചുരിദാറിന്റെ കൈ മുറിച്ച് രക്തദാനത്തിനായി വിദ്യാര്‍ഥിനി തയ്യാറായത്. ബിഡികെ കോഡിനേറ്റര്‍ വിനീഷ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. കൈമുട്ട് കീറിയ ചുരിദാറിന്റെ ചിത്രവും ഫെയ്‌സ്ബുക്ക് പോസ്റ്റിനോടൊപ്പം ഉണ്ടായിരുന്നു.
രക്തം ലഭിക്കാന്‍ മിനിട്ടുകള്‍ താമസിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ നമുക്കിടയില്‍ ധാരളമുള്ളപ്പോള്‍ നദയുടെ സന്മനസിന്റെ പ്രധാന്യം ഏറുകയാണ്. സഫ കോളേജ് ഒന്നാംവര്‍ഷ ബിഎസ്‌ഡബ്ല്യൂ വിദ്യാര്‍ഥിനിയായ നദ വളാഞ്ചേരി എടത്തനാട്ടുകര സ്വദേശി മുഹമ്മദാലിയുടെ മകളാണ്.
എ പോസിറ്റീവെന്ന സുലഭമായ ബ്ലെഡ് ഗ്രൂപ്പിനുടമയാണ് നദ. ഇത്ര അത്യാവശം എന്തായിരുന്നു, പിന്നൊരു അവസരത്തില്‍ കൊടുത്താല്‍ മതിയായിരുന്നല്ലോ എന്ന ചോദ്യത്തിന് നദയുടെ കൈയ്യില്‍ കൃത്യമായ മറുപടിയുണ്ടായിരുന്നു. ‘അടുത്ത വര്‍ഷം കൊടുക്കാനാണോ, അതോ വാങ്ങിക്കാനാണോ യോഗമെന്നറിയില്ലല്ലോ? മനുഷ്യന്റെ കാര്യമല്ലേ’.
സംഭവം പ്രമുഖ മാധ്യമങ്ങളിലും വാർത്തയായി. ആക്‌സിഡന്റില്‍ റോഡില്‍ കിടന്ന് രക്തം വാര്‍ന്നൊഴുകി മരിച്ചവര്‍ പത്രത്താളുകളില്‍ സ്ഥിരം വാര്‍ത്തയാണ്. നാളെ അതിലൊരാള്‍ നമ്മളാകാം എന്നൊരു ചിന്ത മാത്രം മതി ആര്‍ക്കും മറ്റൊരു നദയാകാന്‍.
യൂണിഫോമിന്റെ കൈ മുറിയ്ക്കുന്നത് അല്‍പം സാഹസികമല്ലേ.. ഇനിയും യൂണിഫോമിട്ട് കോളേജില്‍ പോകേണ്ടതല്ലേ എന്ന ചോദ്യത്തിനും നദ മറുപടിപറഞ്ഞു.. “ഒരു നല്ലകാര്യത്തിന് വേണ്ടി യൂണിഫോമിന്റെ കൈ കീറുന്നതില്‍ വിഷമം തോന്നിയില്ല. അത് പിന്നെയും തുന്നി വയ്ക്കാമല്ലോ”.
“എന്‍.എസ്.എസ് രക്തദാന ക്യാംപ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ നിരവധി കുട്ടികള്‍ സമ്മതമാണെന്ന് പറഞ്ഞ് വന്നിരുന്നു. സമയ പരിമിധി മൂലം കുറച്ച് പേര്‍ക്ക് മാത്രമെ അനുമതി നല്‍കിയുള്ളു.
ബ്ലെഡ് ഡൊണേഷനായി നദ എത്തിയപ്പോള്‍ ചുരിദാറിന്റെ കൈയുടെ പ്രശ്‌നം കാരണം നഴ്‌സുമാരും സംഘാടകരും മടക്കിയച്ചെന്നും, താന്‍ കൊടുക്കാന്‍ റെഡിയാണെന്നും ഇനി എന്താണെന്ന് ചെയ്യാന്‍ പറ്റുകയെന്നും എന്നോട് വന്നു ചോദിച്ചിരുന്നു. മറ്റൊരു അവസരത്തില്‍ ആകാമെന്ന് പറഞ്ഞ് ഞാന്‍ മടക്കിയയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ചുരിദാറിന്റെ കൈ കീറിയെത്തിയ നദയെ ആണ്. വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമെ രക്തം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുള്ളു. അതുകൊണ്ട് തന്നെ കോളേജിനും വിദ്യാര്‍ത്ഥികള്‍ക്കും അഭിമാനവും പ്രചോദനവുമാണ് ഈ പെണ്‍കുട്ടി”. കോളേജ് അധ്യാപകനും എന്‍.എസ്.എസ് കോഡിനേറ്ററും ആയ സല്‍മാന്‍ ഇ.കെ പറയുന്നു.
നമ്മള്‍ കൊടുത്തില്ലെങ്കിലും സാരമില്ല മറ്റാരെങ്കിലും കൊടുക്കുമായിരിക്കുമെന്ന് ഒഴിവ് കഴിവ് പറയുന്ന, എന്റെ രക്തഗ്രൂപ്പ് ‘റെയര്‍’ അല്ല, അത് കൊണ്ട് കൊടുത്താലും പ്രയോജനമില്ലെന്ന് പറയുന്ന, വെറുതെ എന്റെ രക്തം ആര്‍ക്കും നല്‍കില്ലെന്ന് അപൂര്‍വ്വമായെങ്കിലും സ്വാര്‍ത്ഥരാകുന്ന, അങ്ങനെ രക്തദാനം നടത്താതിരിക്കാന്‍ നിരവധി ഒഴിവുകഴിവുകള്‍ നമ്മളില്‍ പലരും കണ്ടെത്തുമ്പോള്‍ മുകളിലെ ഫെയ്‌സ്ബുക്ക് പോസ്റ്റും നദയെന്ന പെണ്‍കുട്ടിയും അല്‍പ്പനേരത്തേക്കെങ്കിലും നമ്മുടെ മനസില്‍ തങ്ങിനില്‍ക്കും.
Courtesy: Vineesh Manee, Mathrubhumi
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here