വട്ടപ്പാറ വളവിൽ ബസ് തടഞ്ഞ് നിറുത്തി പണം കവർന്ന കേസ്; പിടികിട്ടാപുള്ളിയായ ഗുണ്ടാ നേതാവിനെ വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തു
വളാഞ്ചേരി : ഒട്ടേറെ കേസുകളിലെ പിടികിട്ടാപ്പുള്ളിയും ഗുണ്ടാസംഘത്തിലെ പ്രധാന അംഗവുമായ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ അമ്മാടം തന്നംക്കാവിൽ രൂപേഷിനെയാണ്(35) വളാഞ്ചേരി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശ്ശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിലെ കടവ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ വലംകൈയായിരുന്നു രൂപേഷെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
വട്ടപ്പാറ വളവിൽ വെച്ച് കോഴിക്കോടുനിന്ന് വരികയായിരുന്ന ബസിനു മുന്നിൽ കാർ വിലങ്ങി നിർത്തുകയും പണവുമായി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിനെ ആക്രമിച്ച് പണം കവരുകയും ചെയ്തിരുന്നു. 2008-ലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം കിട്ടിയെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ സംഘാംഗമായിരുന്നെങ്കിലും ജയിലിൽക്കിടന്ന സമയത്ത് ആ സംഘത്തെ നിയന്ത്രിച്ചിരുന്ന ഇയാൾ ഇപ്പോൾ ആശാൻ എന്ന വിളിപ്പേരിൽ പുതിയൊരു ക്രിമിനൽ സംഘത്തിന്റെ നേതാവാകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പ്രതിയെ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഓഫീസർക്കൊപ്പം എസ്.ഐ.മാരായ നൗഷാദ്, അസീസ്, സി.പി.ഒ.മാരായ ഷഫീഖ്, ശ്യാം, ജോൺസൺ എന്നിവരുമടങ്ങുന്ന സംഘമാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here