തിരൂർ-പൊന്നാനി പുഴയുടെ സംരക്ഷണം; കർശന നടപടി നിർദ്ദേശിച്ച് വിദഗ്ധസംഘം
തിരൂർ: തിരൂർ-പൊന്നാനി പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കർശന നടപടികൾക്ക് നിർദ്ദേശം നൽകി ദേശീയ ഹരിത ട്രിബ്യൂണൽ സംഘം.ഇന്നലെ പുഴയോരപ്രദേശങ്ങളിൽ പരിശോധന നടത്തിയ സംഘം പുഴയെ ശുചിത്വത്തോടെ നിലനിറുത്താനുള്ള നടപടികളെടുക്കാൻ അധികാരികളോട് നിർദ്ദേശിച്ചു. പുഴയ്ക്കടിയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാനും ശുദ്ധജല സംഭരണിയായി നിലനിറുത്താനുമായി പുഴയിലേക്ക് ശുദ്ധജലം പമ്പ് ചെയ്യാൻ സംഘം നിർദ്ദേശം നൽകി. ഭാരതപ്പുഴയിലെ താഴേത്തറ ലിഫ്റ്റ് ഇറിഗേഷൻ വഴി വാലില്ലാപ്പുഴയിലേക്ക് വെള്ളമെത്തിച്ച് തിരൂർ പുഴയിലേക്ക് ഒഴുക്കിവിടണം. ഇതിനായുള്ള ഡി.പി.ആർ ഉടൻ സമർപ്പിക്കണം.
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ സാങ്കേതിക തകരാർ പരിഹരിക്കാനും വാൽവ് ഷട്ടർ സംവിധാനം സ്ഥാപിച്ച് ജലഗതാഗതം ഉറപ്പുവരുത്താനും നിർദ്ദേശിച്ചു. ഇതിനായുള്ള ഡി.പി.ആർ 24 മണിക്കൂറിനകം സമർപ്പിക്കണം. തിരൂർ-പൊന്നാനി പുഴയോരത്ത് കൃഷി സജീവമാക്കാനും നിർദ്ദേശമുണ്ട്. കോലൂപ്പാലം മുതൽ തലക്കടത്തൂർ വരെയുള്ള പുഴയിലെ താത്കാലിക തടയണകൾ പൊളിച്ചുനീക്കി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാനും ഒഴുക്ക് സുഗമമാക്കാനും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. താനൂർ നഗരസഭ, നിറമരുതൂർ, വെട്ടം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് കനോലി കനാലിലേക്ക് മാലിന്യമൊഴുക്കുന്നത് നിയന്ത്രിക്കാനും കനാൽ നവീകരിക്കാനും തിരൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി.
തിരൂർ മത്സ്യമാർക്കറ്റ്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ നിന്ന് പുഴയിലേക്ക് മാലിന്യമെത്തുന്നത് തടയണം. താഴെപ്പാലം, ബോട്ട്ജെട്ടി കടവ്, ടൗൺഹാൾ പരിസരം എന്നിവിടങ്ങളിൽ പുഴയിലേക്ക് സ്ഥാപിച്ച മാലിന്യക്കുഴലുകൾ ഉടൻ നീക്കണം. വാട്ടർ അതോറിറ്റി പുഴയിലേക്ക് പാഴ്ജലം ഒഴുക്കുന്നത് പ്രത്യേക പൈപ്പിലൂടെയാവണം. തുറന്ന അഴുക്കുചാലുകൾ സീൽ ചെയ്യണം. പുഴയിലെ മാലിന്യം മൂലമുള്ള കാനാത്ത് പ്രദേശത്തെ ജനങ്ങളുടെ ദുരിതം ഉടൻ പരിഹരിക്കണം. തിരൂർ-പൊന്നാനി തോട് ശുദ്ധീകരിക്കാനും കാടായിതോട്ടിലേക്ക് മാലിന്യമൊഴുക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും ഉത്തരവിട്ടു. തലക്കടത്തൂർ ഭാഗത്തെ കൈയേറ്റമൊഴിപ്പിക്കാനും പുഴയിലേക്ക് തള്ളിയ പഴയപാലം നീക്കാനും നിർദ്ദേശമുണ്ട്.
ജസ്റ്റിസ് കെ.വി. രാമകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള പുഴ പുനരുദ്ധാരണ സമിതിയംഗങ്ങളാണ് പരിശോധന നടത്തിയത്.
ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, റവന്യൂ, ജലസേചനം, ലാന്റ് സർവേ, ചെറുകിട ജലസേചനം, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here