‘ഹനുമാൻകൈൻഡ് ’ ബിഗ് സ്ക്രീനിലേക്ക്; പൊന്നാനിക്കാരൻ സൂരജ് വെള്ളിത്തിരയിലെത്തുന്നത് ആഷിഖ് അബുവിൻ്റെ ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെ
മലപ്പുറം: ആഗോള സംഗീതവിസ്മയമായി മാറിയ ഹനുമാൻകൈൻഡ് എന്ന റാപ്പ് ഗായകൻ ബിഗ് സ്‌ക്രീനിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന മലയാള സിനിമയിലൂടെയാണ് സൂരജ് ചെറുകാട്ട് എന്ന ഗായകന്‍റെ സിനിമാപ്രവേശം.
ആഷിഖ് അബു തന്നെയാണ് തോക്കുചൂണ്ടിനിൽക്കുന്ന ഹനുമാൻകൈൻഡിന്റെ ചിത്രമുൾപ്പെടുത്തിയ പോസ്റ്റർ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. കഴിഞ്ഞമാസം പുറത്തിറക്കിയ ‘ബിഗ് ഡോഗ്സ്’ എന്ന സിംഗിളിലൂടെയാണ് പൊന്നാനി സ്വദേശിയായ ഹനുമാൻകൈൻഡ് ആഗോളതലത്തിൽ കൊടുങ്കാറ്റുവിതച്ചത്. ഇപ്പോഴും യുട്യൂബ് ഗ്ലോബൽ ചാർട്ടിൽ നാലാംസ്ഥാനത്ത് തുടരുന്ന ബിഗ് ഡോഗ്സ് യുട്യൂബിലൂടെ ഇതിനകം കണ്ടത് അഞ്ചേമുക്കാൽക്കോടിയോളം പേരാണ്. ഒളിമ്പിക്സിൽ മെഡൽ നേടിയ പല വിദേശതാരങ്ങളും തങ്ങളുടെ റീൽസിന് പശ്ചാത്തലമായി തിരഞ്ഞെടുത്തതും ബിഗ് ഡോഗ്സിലെ വരികളാണ്.
പൊന്നാനിയിലാണ് സൂരജിന്റെ വേരുകൾ. ആഫ്രിക്കയിലും യു.എസിലും യു.എ.ഇ.യിലുമായാണ് വളർന്നത്. കൽമി റെഡ്ഡി നിർമ്മിച്ച ബിഗ് ഡോഗ്സ് മരണക്കിണറിനെ ആസ്പദമാക്കി ചിത്രീകരിച്ചത് പൊന്നാനി കർമ റോഡിലാണ്. ബിജോയ് ഷെട്ടിയാണ് സംവിധാനം. ശക്തിയുടെ പ്രതീകമായതിനാലാണ് ഹനുമാൻകൈൻഡ് എന്ന പേര് സ്‌ക്രീൻ പേരായി സ്വീകരിച്ചതെന്ന് സൂരജ് പറയുന്നു. യുട്യൂബിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ പാട്ടിനെ പ്രശംസിച്ചുകൊണ്ട് അഭിപ്രായം പറഞ്ഞിരുന്നു. ‘ലോകം മുഴുവൻ തന്റെ പാട്ടിനുചുവടെ ഒത്തുകൂടി’യെന്നാണ് സൂരജ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. റൈഫിൾ ക്ലബ്ബ് സിനിമയിൽ ഭീര എന്ന കഥാപാത്രമായാണ് ഹനുമാൻകൈൻഡ് എത്തുന്നത്. അനുരാഗ് കശ്യപ്, ദിലീഷ് പോത്തൻ, വിൻസി അലോഷ്യസ് തുടങ്ങിയവരും സിനിമയിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here