ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം
എന്നും ഇല്ലായ്മയുടെയും അനാഥത്വത്തിന്റെയും വേദനകള്‍ അടുത്തറിഞ്ഞിട്ടുള്ള പ്രവാസികളുടെ കൂട്ടായ്മകളാണ് മലപ്പുറം ജില്ലയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കാറുള്ളത്. അത്തരത്തിൽ നന്മ വറ്റാത്ത ഒരു കൂട്ടം പ്രവാസി യുവാക്കളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ആശയമാണ് വളാഞ്ചേരി ബാവപ്പടി ആസ്ഥാനമാക്കി 2014ൽ പ്രവർത്തനമാരംഭിച്ച ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന.
ട്രസ്റ്റിൽ അംഗങ്ങളായ ബാവപ്പടി സ്വദേശികളായ പ്രവാസികൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം നീക്കി വയ്ക്കുന്നതും ഒരു പറ്റം സുമനസ്സുകളുടെ സഹായ സഹകരണങ്ങളും ചേർത്താണ് നിരാലംഭരായ കുടുംബങ്ങൾക്ക് ആശ്രയവും സാന്ത്വനവും നൽകാൻ ഈ സംഘടനയ്ക്കായത്. ബാവപ്പടിക്കാരായ പ്രവാസികൾക്കിടയിൽ ഒരു വാട്‌സാപ് ഗ്രൂപ്പിൽ തുടങ്ങിയ ഈ ട്രസ്റ്റിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇതിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബാവപ്പടിയിലെ നിരവധി നല്ലവരായ നാട്ടുകാരും വളണ്ടിയർമാരായി സേവനസജ്ജരായി മുന്നോട്ടു വന്നു. തുടർന്ന് ഗ്രൂപ്പിനെ റജിസ്റ്റർ ചെയ്തു.
ട്രസ്റ്റ് ആരംഭിച്ച് രണ്ട് വർഷ കാലയളവിനുള്ളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ അഭിമാനിതതരാണ് ഈ ട്രസ്റ്റിലെ ഓരോ അംഗങ്ങളും. ട്രസ്റ്റിന്റെ പ്രവർത്തികൾ അർഹരിലേക്ക് എത്തുന്നു എന്നത് ഇതിലെ അംഗങ്ങൾ ഉറപ്പ്‌വരുത്തുന്നു.
കുട്ടികളുടെ പഠന പഠനേതര മികവുകൾക്ക് അംഗീകാരങ്ങൽ നൽകാനും അവയെ പ്രോത്സാഹിപ്പിക്കാനും വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച ട്രസ്റ്റിന്റെ അമരക്കാർ പ്രവർത്തനം തുടങ്ങിയ അന്നു മുതൽ കൃത്യമായി അത് തുടർന്ന് പോരുന്നു.
ജാതി മത രാഷ്ട്രീയഭേതമന്യെ കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തങ്ങൾ നടത്തിയ ട്രസ്റ്റ് എവരുടേയും പ്രശംസ പിടിച്ചു പറ്റിയാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് നേടിയ ട്രസ്റ്റ് ഈ വർഷവും മികച്ച പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്.
പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിപ്പുറം ആംബുലൻസ് സേവനം തുടങ്ങാനും ഇവർക്കായി. ഇക്കഴിഞ്ഞ ദിവസം വളാഞ്ചേരി ബ്രദേർസ് ഒപ്റ്റിക്കൽസിന്റെ നവീകരിച്ച കടയുടെ ഉദ്ഘാടനത്തിനിടെ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മികച്ച ആംബുലന്സ് സർവീസിനുള്ള അംഗികാരം ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിനെ തേടിയെത്തി. പ്രാസംഗികനും അധ്യാപകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിലിൽ നിന്നും ട്രസ്റ്റ് ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി. സ്വന്തം ജോലി തിരക്കിനിടയിലും രാപകൽ ഭേതമന്യെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സേവനം അനുഷ്ഠിക്കുന്ന ട്രസ്റ്റിന്റെ ഡ്രൈവർമാരുടെ ആത്മാർഥമായ പ്രവർത്തത്തിന് കിട്ടിയ അംഗീകാരമായി ഇവർ ഇതിനെ കാണുന്നു.
ആംബുലൻസ് പ്രവർത്തനം തുടങ്ങി അതിൽ ഓക്സിജൻ സൌകര്യം ഇല്ലാതിരിക്കുന്നത് തിരിച്ചറിഞ്ഞ അംഗങ്ങൾ ഏറെവൈകാതെ തന്നെ ഓക്സിജൻ സിലിണ്ടർ സൌകര്യം സജ്ജീകരിച്ച് രോഗികൾക്ക് ഉപകാരപ്രദമായ മറ്റൊരു കാൽവെപ്പ് കൂടെ നടത്തി.
മേഖലയിൽ നടക്കുന്ന വിവാഹം, മരണം തുടങ്ങി ഒരു നല്ല സമൂഹം കൈമെയ് മറന്ന് എത്തിച്ചേർന്ന് ഭാഗവാക്കേണ്ട എല്ലാ സംഭവവികാസങ്ങളിലും പ്രതിഫലേഛ കൂടാതെ ഇവർ മുന്നിലുണ്ടാകും. എല്ലാത്തിനും മുന്നിൽ നിന്ന് നയിക്കാൻ ട്രസ്റ്റ് പ്രസിഡന്റ് റിയാസും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here