മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ‘ഹരിത സമൃദ്ധി’ ക്ക് തുടക്കമായി
മാറാക്കര: മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഹരിത സമൃദ്ധി’ പദ്ധതിക്ക് തുടക്കമായി. യുവജനങ്ങളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക ,സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വയം ഉദ്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുമായാണ് ‘ഹരിത സമൃദ്ധി’- വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടമൊരുക്കൽ മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ഭാരവാഹികളായ ഫൈസൽ കെ.പി, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു. യൂത്ത് ലീഗ് വാർഡ് ഭാരവാഹികൾ, മുസ്ലിം ലീഗിൻ്റെയും , പോഷക ഘടകങ്ങളുടേയും പഞ്ചായത്ത് ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, കാർഷിക മേഖലയിൽ തൽപരരായവർ എന്നിവരുൾപ്പെടെ ഇരുന്നൂറ്റി പതിനഞ്ച് ആളുകൾക്കാണ് ‘ഹരിതസമൃദ്ധി’യുടെ ഭാഗമായി പച്ചക്കറിത്തോട്ടമൊരുക്കാൻ വിവിധയിനം വിത്തുകളടങ്ങിയ 1140 പാക്കറ്റുകൾ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വിതരണം ചെയ്തിട്ടുണ്ട്. വിത്തുകൾ നൽകിയവരെ ഉൾപ്പെടുത്തി കൃഷി അറിവുകൾ പങ്കുവെക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ‘ഹരിത സമൃദ്ധി’ എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here