HomeNewsProtestപെരിന്തൽമണ്ണയിലെ ഹർത്താലിൽ വ്യാപക അക്രമം

പെരിന്തൽമണ്ണയിലെ ഹർത്താലിൽ വ്യാപക അക്രമം

perinthalmanna

പെരിന്തൽമണ്ണയിലെ ഹർത്താലിൽ വ്യാപക അക്രമം

പെരിന്തൽമണ്ണ: മുസ്ലിം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ താലൂക്കിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. മാദ്ധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു. ഹർത്താൽ പൂർണ്ണമായിരുന്നു. ദേശീയപാത കടന്നുപോവുന്ന പെരിന്തൽമണ്ണയിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ വ്യാപകമായി തടഞ്ഞു. വാഹനവുമായി പുറത്തിറങ്ങിയവരെ കൈയേറ്രം ചെയ്യാനും അപമാനിക്കാനും ശ്രമമുണ്ടായി. പുലർച്ചെ മുതൽ മുസ്‌ലിം ലീഗ് പ്രവർത്തകർ കൂട്ടമായെത്തി റോഡുകളിൽ തടസ്സങ്ങളുണ്ടാക്കി. രാമപുരത്ത് റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. കൂട്ടിലങ്ങാടിയിൽ റോഡിന് നടുവിൽ ബെഞ്ചിട്ട് ഇതിലിരുന്നാണ് വാഹനങ്ങൾ തടഞ്ഞത്. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ, ഇലക്രിട് പോസ്റ്റുകൾ അടക്കമുള്ളവയും റോഡിലേക്കിട്ടു.

പെരിന്തൽമണ്ണ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് എത്തിയവരെ ഏറെ നേരം തടഞ്ഞ ശേഷമാണ് വിട്ടയച്ചത്. തിരൂർക്കാട്, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, മങ്കട, പെരിന്തൽമണ്ണ നഗരസഭയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. അങ്ങാടിപ്പുറം മേൽപ്പാലം മുതൽ പെരിന്തൽമണ്ണ ടൗൺ വരെയുള്ള ഇടങ്ങളിൽ റോഡിൽ വ്യാപകമായി ഗതാഗത തടസ്സം സൃഷ്ടിച്ചു. റോഡരികിലെ മുന്നറിയിപ്പ് ബോർ‌ഡുകൾ പിഴുതെറിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞു. പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച ട്രാഫിക് ഐലന്റുകൾ റോഡിൽ തള്ളിയിട്ട് മാർഗതടസ്സം സൃഷ്ടിച്ചു. ആംബുലൻസ്, അടക്കമുള്ള വാഹനങ്ങൾക്ക് ഇതു ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രണ്ട് ബറ്റാലിയൻ പൊലീസ് പെരിന്തൽമണ്ണ നഗരത്തിലും വിവിധ പ്രദേശങ്ങളിലുമെത്തി. പെരിന്തൽമണ്ണ നഗരത്തിൽ സമരാനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. സമരാനുകൂലികൾ വൈകിട്ട് പെരിന്തൽമണ്ണയിൽ പ്രതിഷേധ പ്രകടനവും നടത്തി.

പെരിന്തൽമണ്ണയിൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ മുഹമ്മദ് നൗഫലിനെയും കാമറാമാൻ പി.വി സന്ദീപിനേയും ന്യൂസ് 18 ലെ സുർജിത് അയ്യപ്പത്തിനെയും സമരാനുകൂലികൾ മർദ്ദിച്ചു. പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണം. അങ്ങാടിപ്പുറത്ത് കെ.സി. സിനിപാരഡൈസിന് സമീപം ഹർത്താൽ അനുകൂലികൾ റോഡ് തടഞ്ഞപ്പോൾ മാദ്ധ്യമപ്രവർത്തകരാണെന്ന് പറഞ്ഞെങ്കിലും കടത്തിവിട്ടില്ല. തുടർന്ന് ഇവരെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രകടനം നടത്തി. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ലീഗ് ജില്ലാജനറൽ കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.കെ. ഹംസ, ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, മലപ്പുറം സർക്കിൾ ഇൻസ്‌പെക്ടർ എ. പ്രേംജിത്ത് തുടങ്ങിയവർ സന്ദർശിച്ചു.

വാഹനം തടയുന്ന വാർത്ത പകർത്തുന്നതിനിടെ പെരിന്തൽമണ്ണയിലെ മനോരമ ലേഖകൻ കൊളത്തൂർ മണികണ്ഠനെയും കൈയേറ്റം ചെയ്തു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതേ പ്രശ്‌നത്തിൽ സുപ്രഭാതം റിപ്പോർട്ടർ നിഷാദ് കുളത്തൂരിനെയും സമാനരീതിയിൽ ഹർത്താൽ അനുകൂലികൾ അക്രമത്തിനിരയാക്കി. പെരിന്തൽമണ്ണയിലെ എ.സി.വി ബ്യൂറാക്കെതിരെയും അസഭ്യവർഷവുമുണ്ടായി.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!